മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമലോകം വേട്ടയാടിയ വ്യക്തിയാണ് നടി റിയാ ചക്രബര്‍ത്തി. അന്നത്തെ അനുഭവങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് നടി. ഇതിനിടെ തനിക്കുണ്ടായ ചുട്ടുപൊള്ളുന്ന അനുഭവങ്ങളില്‍ നിന്നും തിരികെ കയറാനുള്ള ശ്രമത്തിലാണ് നടി. നടി റിയാ ചക്രബര്‍ത്തി അവതരിപ്പിക്കുന്ന ടോക് ഷോ ആയ ചാപ്റ്റര്‍ 2 വിനോദരംഗത്ത് ശ്രദ്ധനേടുന്നുണ്ട്.

പരിപാടിയുടെ പുതിയ എപ്പിസോഡില്‍ അതിഥിയായെത്തുന്നത് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനാണ്. ഈ ഷോയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രൊമോ വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. റിയയ്ക്ക് മുന്നില്‍ കണ്ണീരടക്കാന്‍ പാടുപെടുന്ന ആമിറിനെയാണ് വീഡിയോയില്‍ കാണാനാവുക.

താരപദവി, സിനിമകള്‍, ചികിത്സ, പ്രശ്‌നങ്ങളെ എങ്ങനെ തരണംചെയ്യാം എന്നെല്ലാമാണ് ചാപ്റ്റര്‍ 2-ന്റെ പുതിയ എപ്പിസോഡില്‍ റിയയും ആമിര്‍ ഖാനും ചര്‍ച്ച ചെയ്യുന്നത്. ആമിറിനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നാണ് റിയ ആദ്യം പറയുന്നത്. ഹൃത്വിക്കിന്റെയും സല്‍മാന്റെയും ഷാരൂഖിന്റേയുമൊന്നും സൗന്ദര്യത്തിനുമുന്നില്‍ താന്‍ ഒന്നുമല്ല എന്നാണ് ഇതിന് ആമിര്‍ മറുപടി പറഞ്ഞത്. തന്റെ ഫാഷന്റെ പേരില്‍ ആളുകള്‍ തന്നെ കളിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒരിടത്തുനിന്ന് തന്റെ കരിയറിന്റെ രണ്ടാം അധ്യായം തുടങ്ങുന്നതിനേക്കുറിച്ച് ആമിര്‍ പറയുന്നുണ്ട്. ഇതുപറയുന്നതിന് മുന്നോടിയായി താരം അല്പസമയം വിഷണ്ണനായിരിക്കുന്നതും കണ്ണീര്‍പൊഴിക്കുന്നതും പ്രൊമോയില്‍ കാണാം. റിയയുടെ ഊര്‍ജസ്വലതയേക്കുറിച്ചും ഇതോടൊപ്പം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒരു പ്രതിസന്ധിഘട്ടം അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ റിയ അസാമാന്യ ധൈര്യമാണ് കാണിച്ചതെന്നും ആമിര്‍ പറഞ്ഞു. സിനിമയില്‍നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുല്‍ കുല്‍ക്കര്‍ണിയുടെ രചനയില്‍ അദ്വൈത് ചന്ദന്‍ സംവിധാനംചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദയിലാണ് ആമിര്‍ ഖാന്‍ അവസാനമായി വേഷമിട്ടത്. തുടര്‍ന്ന് സിനിമയില്‍നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

2020-ല്‍ നടന്‍ സുശാന്ത് സിംഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ മുന്‍ കാമുകികൂടിയായ റിയാ ചക്രബര്‍ത്തിയുടെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. സംഭവത്തില്‍ റിയ അറസ്റ്റിലാവുകയും മുംബൈ ബൈക്കുള ജയിലില്‍ കഴിയുകയുംചെയ്തിരുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനല്‍കി എന്നതായിരുന്നു റിയക്കെതിരായ കേസ്. 28 ദിവസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. തുടര്‍ന്നാണ് റിയ ടോക്ക് ഷോയിലേക്ക് തിരിഞ്ഞത്. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും മുഖ്യവേഷങ്ങളിലെത്തിയ ചെഹരേയിലാണ് റിയ ഒടുവില്‍ അഭിനയിച്ചത്.