കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ഷോ റിഹേഴ്സല്‍ തിരക്കിലാണ് തങ്ങള്‍. അതിനാണ് പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് സംഘടനകളുമായി ചേര്‍ന്ന് ആലോചിച്ച ശേഷം അമ്മ പ്രതികരിക്കും. വളരെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയം. വിശദമായി പഠിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാന്‍ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.

'നിരവധി പേജുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ്. ചാനലില്‍ കൊടുക്കുന്നത് ഏതാനും ചില വരികള്‍ മാത്രമാണ് ചാനലില്‍ കാണിക്കുന്നത്. പഠിച്ച ശേഷം പ്രതികരിക്കും. ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യും. ഞാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി വന്നയാളാണ്. എന്താണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയില്ല. പൊള്ളാച്ചിയില്‍ ഒക്കെ ഷൂട്ടിംഗ് സൈറ്റില്‍ ഡ്രസ് മാറികൊണ്ടിരുന്നത് സാരി മറച്ചിട്ടാണെന്ന് വാണി പറഞ്ഞ് കേട്ടിട്ടുണ്ട്. അന്നത്തെ കാലം അതാണല്ലോ. ഇന്നാണല്ലോ കാരവന്‍ ഒക്കെ വന്നത്. ഇന്നും സൗകര്യം ചെയ്തുകൊടുത്തില്ലെങ്കില്‍ അത് തെറ്റാണ്. റിപ്പോര്‍ട്ട് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം', നടന്‍ ബാബു രാജും പ്രതികരിച്ചു.

അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ടെന്നും നടിമാര്‍ക്ക് അത് തുറന്നു പറയാന്‍ ഭയമെന്നും വ്യക്തമാക്കി ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ട്. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്. സിനിമാ മേഖല പുരുഷാധിപത്യമുള്ളതും ചുഴികള്‍ നിറഞ്ഞതുമാണ്. നടിമാര്‍ക്ക് ഇതെല്ലാം തുറന്നു പറയാന്‍ ഭയമാണ്.

വെളിപ്പെടുത്തലുകളില്‍ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്. ജീവനെ ഭയന്നാണ് പൊലീസിനെ സമീപിക്കാത്തതെന്ന് നടിമാര്‍ മൊഴി നല്‍കി. പ്രതികരിക്കുന്നവര്‍ക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കുമെന്നും ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.