തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ട് പെരുമാറിയതാണെന്നും ശ്രീലേഖ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതിരുകടന്ന രഞ്ജിത്തിന്റെ സമീപനം തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയതായും, തന്നെ മുതലെടുക്കാന്‍ ശ്രമിച്ചതായും അവര്‍ പറഞ്ഞു.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ആരോപിച്ചത്. അതേസമയം സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഞായറാഴ്ച്ച രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് രാജി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍ക്കാതിരിക്കാനാണ് രഞ്ജിത് ഈ തീരുമാനമെടുത്തതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ആരോപണം ഉന്നയിച്ച നടി പാലേരി മാണിക്യം പാതിരാക്കൊലപാതകത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. "തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെയും രണ്ട് സഹായികളുടെയും സാന്നിധ്യത്തില്‍ ഞാന്‍ നടിയുമായി സംവദിച്ചു. രാമകൃഷ്ണന്‍ നടിയോട് കഥ പറഞ്ഞതോടെ അവര്‍ ആവേശത്തിലായി. അവര്‍ക്ക് ഏത് കഥാപാത്രം നല്‍കണം എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു," രഞ്ജിത്ത് പറഞ്ഞു.