ഷഭ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി .... സാധാരണ നാം ഈ ഷെട്ടികളയൊക്കെ കാണുന്നത് 'ചട്ടമ്പിനാട്' പോലുള്ള സിനിമകളിലെ വില്ലന്മ്മാരായിട്ടാണ്. എന്നാൽ ഈ മൂന്ന് ഷെട്ടികളും വില്ലന്മ്മാരല്ല, ഹീറോകളാണ്. ഒരുത്തനും വേണ്ടാതെ കിടക്കയായിരുന്ന കന്നട സിനിമയുടെ ജാതകം തിരുത്തിയത് ഈ മൂന്നുപേരാണ്. ഒരു 5 വർഷം മുമ്പ് വരെയും മലയാളികൾ അടക്കമുള്ളവർക്ക് ശുദ്ധ പുഛമായിരുന്നു, സാൻഡൽവുഡ് ഇൻഡസ്ട്രി എന്ന് അറിയപ്പെടുന്ന കന്നട സിനിമയോട്. അതിൽ തെറ്റുപറയാനും കഴിയില്ല. അരോചക കത്തികളായിരുന്നു അക്കാലത്തെ കന്നട മെയിൻസ്ട്രീം സിനിമകൾ. ( എന്നാൽ അക്കാലത്തും കന്നടയിൽ സമാന്തരമായ മികച്ച സിനിമകളും ഉണ്ടായിരുന്നു. പക്ഷേ അവയെന്നും ജനപ്രിയമായിരുന്നില്ല) നാല് പാട്ട്, നാലുതല്ല്, നായികയുടെ ശരീര പ്രദർശനം, ചില ഇമോഷണൽ ഫാമിലി ഡ്രാമ. 80 കളിലെ കുട്ടി, പെട്ടി, മമ്മൂട്ടിയെന്ന മലയാള സിനിമാ ഫോർമാറ്റുപോലെ ഒരേ അച്ചിൽ വാർത്ത സിനിമകളിൽനിന്ന് കന്നടയെ മോചിപ്പിച്ചത് ഈ ഷെട്ടി ഗ്യാങ്ങ് ആണ്. ഒരു വേള കന്നട സിനിമകളുടെ എണ്ണം പോലും വല്ലാതെ കുറഞ്ഞു. സാൻഡൽവുഡ് ഇൻഡസ്ട്രിയെ ബോളവുഡ് വിഴുങ്ങുകയാണെന്ന ധാരണ പോലും പരന്നു.

അതിനിടയിലാണ് 2013മുതൽ ഈ ഷെട്ടി ഗ്യാങ്ങിലെ പിള്ളേർ സിനിമയുമായി എത്തുന്നത്. അതോടെ കന്നട സിനിമ അടിമുടി മാറി. ജനപ്രിയവും കലാമുല്യവുള്ള ഒരു പാട് സിനിമകൾ ഇറങ്ങി. ഒടുവിൽ അതിന്റെ തുടർച്ചയെന്നോണം കെജിഎഫ് ഇറങ്ങിയതോടെ കന്നട ഇൻഡസ്ട്രി ഒരു പാൻ ഇന്ത്യൻ ഇൻഡസ്ട്രിയായിക്കുടി മാറി. ( ഒരു മലയാള പടം കാശ്മീർ മുതൽ കന്യാകുമാരി വരെ പ്രദർശിപ്പിക്കപ്പെടുന്ന കാലം എന്നാണാവോ വരിക!)

ഇപ്പോൾ കെ.ജി.എഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും, ഷെട്ടി ഗ്യാങ്ങിലെ പ്രമുഖനായ ഋഷഭ് ഷെട്ടിയും കൈകോർത്തപ്പോൾ, അത് മറ്റൊരു പാൻ ഇന്ത്യൻ ഹിറ്റായി മാറുകയാണ്. അതാണ് കാന്താര. കേരളത്തിൽ മാത്രമല്ല, ഉത്തരേന്ത്യയിൽപോലും ഹൗസ് ഫുള്ളായി പ്രദർശിക്കപ്പെടുകയാണ് ഈ ചിത്രം. ഇതിന്റെ സംവിധായകദായും, കഥാകൃത്തായും, നടനായും ഒക്കെ എത്തിയിരിക്കുന്നത് ഋഷഭ് ഷെട്ടി തന്നെയാണ്. ശരിക്കും ഇന്ത്യൻ സിനിമയിലെ വണ്ടർ ബോയ്.

ഒരു മുത്തശ്ശിക്കഥപോലെ

നിഗൂഢമായ വനമെന്നാണ് കാന്താര എന്ന വാക്കിന്റെ അർത്ഥം. അതിന് നീതിപുലർത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിന്റെ തനതുരൂപമായ തെയ്യത്തിന്റെ മനോഹാരിത 'കാന്താര' പകർത്തിയതു പോലെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പറയേണ്ടി വരും.

മാടന്റെയും, മറുതയുടെയും, പുലിമറഞ്ഞ തൊണ്ടനച്ചന്റെയും തൊട്ട് ഒരുപാട് തെയ്യക്കഥകളും, യക്ഷിക്കകഥകളും കേട്ട് വളർന്നവരാണ് മലയാളികൾ. അതുപോലെ ഒരു മുത്തശ്ശിക്കഥയുടെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ഈ ചിത്രം എന്ന് തോനിപ്പോവും. ഒരു മുത്തശ്ശിക്കഥ കേൾക്കുമ്പോഴുള്ള ഭ്രമാത്മക ലോകത്തേക്കാണ്, കഥാകൃത്ത് കൂടിയായ സംവിധാകയൻ ഋഷഭ് ഷെട്ടി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

സന്തോഷവും സമാധാനവും തേടിയിറങ്ങുന്ന 19ാം നൂറ്റാണ്ടിലെ ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് കാന്താര തുടങ്ങുന്നത്. എന്ത് ചെയ്തിട്ടും രാജാവിന് മനഃശാന്തി കിട്ടുന്നില്ല. അതിനായി അയാൾ അലയാത്ത സ്ഥലങ്ങൾ ഇല്ല. രാജാവിന്റെ അന്വേഷണം എത്തുന്നത് കാട്ടിലാണ്. അവിടെ അദ്ദേഹം തന്റെ സന്തോഷത്തിന്റെ ഉറവിടം കണ്ടെത്തുന്നു. കാടിന്റെ മക്കളുടെ കൽദൈവത്തിന്റെ രൂപത്തിൽ. ഈ കൽദൈവത്തെ ഉപാസിക്കുന്നതിനായി തനിക്ക് കൊട്ടാരത്തിലേക്ക് കൊണ്ടുപോകണം എ്നന രാജാവിന്റെ ആവശ്യം, അവിടുത്തെ ഗോത്രവർഗക്കാർ അംഗീകരിക്കുന്നത് ഒരു ഉടമ്പടിക്കു പുറത്താണ്. രാജാവിനൊപ്പം കാടിറങ്ങുന്നതിനു പകരമായി തന്റെ പ്രജകൾക്ക് ഭൂമി നൽകി സംരക്ഷിക്കണം. ഉടമ്പടി സമ്മതിച്ചതോടെ രാജാവിനൊപ്പം ദൈവം കാടിറങ്ങി. ഒപ്പം കാടിന്റെ മക്കളും. അവിടെനിന്ന് 'കാന്താര'യുടെ കഥ വികസിക്കുകയാണ്.

പക്ഷേ നൂറ്റാണ്ടുകൾ കഴിഞ്ഞതോടെ കഥമാറി. ആധുനിക കാലത്തെ രാജാവിന്റെ പിന്മുറക്കാർ ഈ ഗോത്രമക്കൾക്ക് ഭൂമി കൊടുത്തത് അംഗീകരിക്കുന്നില്ല. അവർ ആ ഭൂമി തിരിച്ചുചോദിക്കുന്നു. അത് പരസ്യമായി ദൈവക്കാലത്തോടാണ് ചോദിക്കുന്നത്. അത് കേട്ടിട്ട് ഓടിപ്പോയ, ആ ദൈവക്കോലം നിന്നി നിൽപ്പിൽ കാണാതായി. (നമ്മുടെ
ഉത്തരകേരളത്തിന്റെ തെയ്യത്തിലും ഇത്തരം കഥ കാണാം. നിന്ന നിൽപ്പിൽ പുലിയായതും പശുവായതും, കാടുകേറി പറഞ്ഞതുമായ നിരവധി കഥകൾ. നമ്മുടെ പ്രിയനന്ദനന്റെ പുലി ജന്മം എന്ന സിനിമപോലും, ഇത്തരം ഒരു മിത്തിൽനിന്നാണ്.) പക്ഷേ മറ്റൊരു അത്ഭുദം കൂടി അവിടെ സംഭവിച്ചു. കാടിന്റെ മക്കളുളെ കോടതി കേറ്റി ഭൂമി തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ് ദൈവക്കോലത്തോട് കയർത്ത രാജാവിന്റെ ഇളമുറക്കാരൻ കോടതിക്ക് മുന്നിൽ ചോര തുപ്പി മരിക്കുന്നു. അതോടെ ഈ കാടിന്റെ മക്കളുടെ ദൈവം വിളിച്ചാൽ വിളികേൾക്കുന്നുവെന്ന് ഉറപ്പിക്കപ്പെടുന്നു.

കാട് ജീവവായുവായ ഒരു ജനതയാണ് അവിടെ ജീവിക്കുന്നത്. അവരെ ആ ആവാസ് വ്യവസ്ഥയിൽനിന്ന് പറിച്ചു നടാൻ രണ്ടുപേരാണ് ശ്രമിക്കുന്നത്. ഒന്ന് വനം വകുപ്പ്. കാരണം അവർ കൈയേറിയിരിക്കുന്നത്, റിസർവ് ഫോറസ്റ്റ് ആണ് എന്നാണ് വനം വകുപ്പിന്റെ വാദം. മറ്റൊന്ന് രാജാപരമ്പരയിലെ ആധുനിക കണ്ണിയായ മുതലാളി. അവർക്കടയിൽ ഇഞ്ചു വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് ഈ ഗോത്ര ജനത പിടിച്ച് പൊരുതുന്നു. അവർക്ക് പൊരുതാനുള്ള കരുത്ത് ഉണ്ടാക്കിക്കൊടുക്കുന്നത്, നേരത്തെ ദൈവക്കോലം കെട്ടി കാണാതായ ആളുടെ മകൻ ശിവയാണ്. ഈ കരുത്തുറ്റ നായകവേഷമാണ് ഋഷഭ ഷെട്ടി അവതിരിപ്പിക്കുന്നത്.

ഋഷഭ് കന്നടയുടെ ബാഹുബലി

ചിത്രത്തിന്റെ അവസാനത്തെ പത്തുമിനുട്ടിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനം ഒന്ന് കാണണം. അന്യനിലെ വിക്രം തോറ്റുപോവും. ശിവയെന്ന ധിക്കാരിയായ, ഉത്തരവാദിത്വമില്ലാത്ത യുവാവിൽനിന്ന് ദൈവക്കോലമായുള്ള ആ പകർന്നാട്ടം ഒറ്റവാക്കിൽ പറഞ്ഞൊതുക്കാനാവില്ല. ഋഷഭ് ഷെട്ടി എന്ന സംവിധായകനും കൊടുക്കണം ഒരു കുതിരപ്പവൻ. മൈന്യൂട്ട് ഡീറ്റെയിലിങ്ങിലാണ് കാന്തരയുടെ ശക്തിയും സൗന്ദര്യവും കിടക്കുന്നത്. ആ കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മിത്തുകളെ ചിത്രം നിഗുഡതയുടെ സൗന്ദര്യം വിട്ടുപോവാത്ത രീതിയിൽ ചിത്രീകരിക്കുന്നു. കമ്പാള എന്ന പോത്തോട്ടം, നാടൻ തോക്കുൾ കൊണ്ടുള്ള നായാട്ട്, തുടങ്ങിയവയൊക്കെ ചിത്രീകരിച്ചിരിക്കുന്നടത്ത് കാണാം ഷെട്ടിയുടെ ബ്രില്ല്യൻസ്.

അത്രയൊന്നുമില്ലാത്ത ഒരു തിരക്കഥയിൽ ത്രസിപ്പിക്കുന്ന ഷോട്ടുകൾ കൊണ്ടു ഓരോ സെക്കന്റും കണ്ണടക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തിയ അരവിന്ദ് കശ്യപ് എന്ന ക്യാമറമാനും അർഹിക്കുന്നു ഒരു വലിയ കയ്യടി. ജെല്ലികെട്ടും, കോഴിപോരും , ഉത്സവങ്ങളും അടക്കം ഗ്രാമീണ സൗന്ദര്യം ആയി തമിഴിലും ഇങ്ങു മലയാളത്തിലും വരെ സിനിമകളിൽ കണ്ട് പഴകിയ ഷോട്ടുകൾ അല്ല കാന്താരയിൽ നമുക്ക് മുന്നിൽ എത്തുക. അതിമനോഹരമാണ് കാന്താരയിലെ ഓരോ ഫ്രെയിമും. ക്ലൈമാക്സ് അടുക്കുന്നതോടെ പ്രേക്ഷകർ കാഴ്‌ച്ചയുടെ വിസ്മയലോകത്തേക്ക് എറിയപ്പെടുന്നു.

കാടിന്റെ നിശ്ശബ്ദതയ്ക്ക് പോലും ഒരു താളം ഉണ്ടെന്ന് തോന്നിക്കും വിധം സംഗീതം ഒരുക്കിയിട്ടുണ്ട് അജനീഷ് ബി ലോക്നാഥ് എന്ന കലാകാരൻ. ബാക് ഗ്രൗണ്ട് സ്‌കോർ മുതൽ ഓരോ പാട്ടുകൾ വരെ നാടോടികഥകളെ ഓർമിപ്പിക്കും താളത്തിൽ ആണ് ഒരുക്കിയിട്ടുള്ളത്. തീയേറ്റർ വിട്ടാലും ആ ദൈവക്കോലത്തിന്റെ അലർച്ച നിങ്ങളെ വേട്ടയാടും. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ എന്നിവരും മികച്ചുനിന്നു.പക്ഷേ ഈ സിനിമയുടെ എല്ലാമെല്ലാം എന്ന് പറയുന്നത് ഋഷഭ് ഷെട്ടി തന്നെയാണ്. ബാഹുബലി പ്രഭാസിന് ഉണ്ടാക്കിക്കൊടുത്തതിന് സമാനമായ പാൻ ഇന്ത്യൻ ഹീറോ ഇമേജാണ് ഈ നടനും ഇപ്പോൾ കിട്ടുന്നത്.

നരബലിക്കാലത്തിന്റെ പൊളിറ്റിക്സ്

പതിവു കന്നട സിനിമകളിൽനിന്ന് വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും ബോഡി ഷെയിമിങ് തമാശകളും ചില പ്രണയരംഗങ്ങളും കല്ലുകടിയാണ്. ആദ്യഭാഗത്തെ കഥപറച്ചിലും ബിൽഡപ്പും ഒരു കിടിലൻ സിനിമാ അനുഭവത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും പിന്നീടങ്ങോട്ട് ഒരു ക്‌ളീഷേ മസാലചിത്രത്തിന്റെ പാറ്റേണിലാണ് കഥ മുൻപോട്ട് പോയത്. തിരക്കഥയിൽ ആധുനികൻ ആവാൻ ഷെട്ടിക്ക് കഴിഞ്ഞിട്ടില്ല.

തീർത്തും അരോചകമായ ബോഡി ഷെയ്മിങ് ചിത്രത്തിലുണ്ട്. ഷീല എന്ന കഥാപാത്രത്തിന്റെ പല്ല് ഒരു എരുമയുടേതുമായി താരതമ്യം ചെയ്യുന്നത്. ഇപ്പോഴത്തെ കാലത്ത് ഇതിനെയൊന്നും തമാശയായി കാണാൻ കഴിയില്ല. വനിതാ സംഘടകകൾ കേസ് കൊടുത്താൽ കുടുങ്ങും. അതുപോലെയുള്ള ദ്വയാർഥമുള്ള ലൈംഗിക തമാശകൾ ചിത്രത്തിൽ വേണ്ടുവോളമുണ്ട്. മിസ്‌കാസിറ്റും ഈ ചിത്രത്തിലുണ്ട്. ശിവയുടെ അമ്മയുടെ കഥാപാത്രം തീർത്തും ഓവറായി. ശിവയുടെ പ്രണയിനി ലീലയും പൂർണ്ണമായി നന്നായി എന്ന് പറയാൻ കഴിയില്ല. ക്ലൈമാക്സിലെ ലീല കുന്തം എറിയുന്നത് കണ്ടാൽ ചിരിച്ചുപോവും. ഒരു പവറുമില്ല.

പക്ഷേ ഇതിനേക്കാളൊക്കെ ഈ ലേഖകന് വിചിത്രമായി തോന്നിയത്, ഈ സിനിമ മുന്നോട്ടുവെക്കുന്ന തീർത്തും റിഗ്രസീവായ ഒരു പൊൽറ്റിക്സാണ്. മാടനും, ഗുളികനും, മറുതയും, യക്ഷിയും അടക്കമുള്ള മൂഢവിശ്വാസങ്ങൾ കാരണം, തുലഞ്ഞ് പോയവരാണ് കേരളത്തിലെ ഗ്രോത്ര- ദലിത് സമൂഹങ്ങൾ. അവരെ വീണ്ടും ഈ അന്ധവിശ്വാസങ്ങളുടെ പൊട്ടക്കുഴിയിലേക്ക് തള്ളിയിടാൻ കഴിയുന്ന കഥാപരിസരമാണ് ചിത്രം ഒരുക്കുന്നത്. വേണമെങ്കിൽ നമ്മുടെ നന്ദനം സിനിമയിൽ രഞ്ജിത്ത് എഴുതിക്കാട്ടിയതുപോലെ ഇത് ഒരു പെണ്ണിന്റെ ദിവാസ്വപ്നങ്ങൾ എന്നും വ്യാഖ്യാനിക്കാം. പക്ഷേ സംവിധായകൻ കൃത്യമായി വിശ്വാസപക്ഷത്തുതന്നെയാണെന്ന് ചിത്രം കാണുമ്പോൾ മനസ്സിലാവും.

ചിത്രത്തിലെ ഫോറെസ്റ്റ് ഓഫീസർ നായകനോട് ചേർന്ന് നിൽക്കുമ്പോഴും അയാൾ ചോദിക്കുന്നത്, 'ഞാൻ ചോദിച്ചാലും നിങ്ങളുടെ കൽ ദൈവം മറുപടി തരുമോ' എന്നാണ്. അവസാനം ആ ദൈവക്കോലം ആൾക്കൂട്ടത്തിൽ ആദ്യം തിരക്കുന്നതും ചേർത്ത് പിടിക്കുന്നതും ഈ ഫോസ്റ്റ് ഓഫീസറെ തന്നെയാണ്. സ്വന്തം മക്കളെ ഏൽപ്പിച്ച് കൊടുക്കുന്നതും ആ കൈകളിലേക്ക് തന്നെ. എന്നിട്ട് ആ ദൈവവും അപ്രത്യക്ഷമാവുകയാണ്. നരബലി കേട്ട് കേരളമാകെ ഞെട്ടി വിറയ്ക്കുമ്പോൾ വിശ്വാസവും അന്ധവിശ്വാസവും എന്തെന്നതിൽ രൂക്ഷമായ തർക്കങ്ങൾ ഉയരുമ്പോഴാണ് ഈ ചിത്രം ഇറങ്ങുന്നത് എന്നോർക്കണം.


വാൽകഷ്ണം: കാന്താരയിലെ ഹിറ്റായ വരാഹ ഗാനം നമ്മുടെ തൈക്കുടം ടീമിനെ കോപ്പിയടിച്ചാണെന്ന വിവാദത്തിൽ കഴമ്പുണ്ട്. അവർക്ക് ഒരു കടപ്പാടെങ്കിലും കൊടുക്കാമായിരുന്നു. പല പ്രമുഖ സംഗീത സംവിധായകരുടെയും പഴയ പാട്ടുകളും, നാടോടി ഗാനങ്ങളുമൊക്കെ നന്നായി അടിച്ചുമാറ്റിയവർ ആണ് തൈക്കുടം എന്ന് അറിയാതെയല്ല ഇത് എഴുതുന്നത്. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ലല്ലോ.