കൊച്ചി: ഒരു അഡാർ ലവിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യർ. സിനിമയിലെ കണ്ണിറുക്കൽ കൊണ്ടാണ് നടി സൂപ്പർഹിറ്റായി മാറിയത്. ഇതോടെ പല ഭാഷകളിൽ നിന്നും നടിയെ തേടി അവസരങ്ങൾ എത്തി. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി ലൈവിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് പ്രിയ. മലയാള സിനിമയാണ് ഏറെയിഷ്ടം, പക്ഷേ, കൂടുതലും അവസരങ്ങൾ ലഭിക്കുന്നത് മറ്റ് ഭാഷകളിൽ നിന്നാണെന്ന് താരം പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പല തരത്തിലുള്ള ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ മൂന്ന് കോടി പ്രതിഫലം മേടിക്കുന്നു എന്ന തരത്തിലുള്ള ഗോസിപ്പ് പ്രചരിച്ചിരുന്നു. പ്രതിഫലം കൂടുതൽ മേടിക്കുന്നു എന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. നേരിൽ സംസാരിച്ചപ്പോഴാണ് പലർക്കും ആ തെറ്റിദ്ധാരണ മാറിയത്.

ഞാൻ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ക്യാരക്ടറാണ് ലൈവിലേത്. മലയാളത്തിൽ മൂന്നാമത്തെ സിനിമയാണ്. തികച്ചും വ്യത്യസ്തമായൊരു ക്യാരക്ടറാണ്. ഇത് ഞാൻ ചെയ്താൽ ഓക്കെയാവുമോ എന്നുള്ള ആശങ്കയൊക്കെയുണ്ടായിരുന്നു. ലുക്കിലും കുറേ മാറ്റങ്ങൾ വരുത്തി. ഒരു നാടൻകുട്ടിയായാണ് ലൈവിൽ വരുന്നത്.

ആദ്യ സിനിമ കഴിഞ്ഞ് 4 വർഷമെടുത്താണ് പിന്നെ മലയാളത്തിൽ അഭിനയിക്കുന്നത്. സ്വന്തം നാട്ടിലും ഭാഷയിലും ലഭിക്കുന്ന അവസരവും, അതിന്റെ പ്രതികരണങ്ങളും ലഭിക്കുമ്പോൾ സന്തോഷമാണ്. നമ്മുടെ നാട്ടിൽ കിട്ടുന്ന സ്വീകാര്യത സന്തോഷിപ്പിക്കാറുണ്ട്. ഇംപ്രവൈസേഷനൊക്കെ ചെയ്യാൻ മലയാളത്തിൽ സ്വാതന്ത്ര്യമുണ്ട്.

നമുക്ക് ഭാഷ കൃത്യമായി അറിയാമല്ലോ, കൂടുതൽ അവസരങ്ങൾ അന്യഭാഷയിൽ നിന്നാണ് വരുന്നത്. പക്ഷേ, എനിക്ക് മലയാളത്തിൽ തന്നെ നിൽക്കാനാണ് ഇഷ്ടമെന്നും പ്രിയ പറയുന്നു. എപ്പോഴും തിയേറ്ററിൽ പോയി സിനിമ കാണുന്നയാളാണ് ഞാൻ. നല്ല സിനിമ വരുമ്പോൾ ആൾക്കാർ തിയേറ്ററിലെത്തും.