ചെന്നൈ: ലോകേഷ് കനക് രാജ്- വിജയ് ടീമിന്റെ ലിയോ സിനിമ കണ്ടവർ ആരും മൻസൂർ അലി ഖാനെ മറക്കില്ല. എന്നാൽ, അടുത്തിടെ നടൻ, നടി തൃഷ കൃഷ്ണനെ കുറിച്ച് നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. 'തൃഷയ്ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കശ്മീരിലെ ഷൂട്ടിങ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ല', മൻസൂർ അലി ഖാന്റെ വാക്കുകൾ അടങ്ങിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തൃഷ ശക്തമായി പ്രതികരിച്ചത്.

മൻസൂർ അലിഖാന്റെ പരാമർശം സ്ത്രീവിരുദ്ധവും സെക്‌സിസ്റ്റും ആണെന്ന് തൃഷ കുറിച്ചു. ' എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായി രീതിയിൽ മൻസൂർ അലി ഖാൻ സംസാരിക്കുന്ന വീഡിയോ എൻെ ശ്രദ്ധയിൽ പെട്ടു. ഞാൻ ആ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. വളരെ മോശം അഭിരുചിയുള്ളതും, വെറുപ്പുളവാക്കുന്നതും, സ്ത്രീവിരുദ്ധവും, അനാദരവ് കാട്ടുന്നതും, ലിംഗവിവേചനപരവുമായ പരാമർശമാണത്. അദ്ദേഹത്തിന് ആഗ്രഹിച്ചുകൊണ്ടേയിരിക്കാം. എന്നാൽ, ഇത്രയും പരിതാപകരമായ സ്വഭാവമുള്ള ഒരാളുമൊത്ത് സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തിൽ ഇനി ഒരിക്കലും ഞാൻ അയാളുടെ കൂടെ അഭിനയിക്കില്ല. ഇയാളെ പോലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു', തൃഷ കുറിച്ചു.

തൃഷയെ പിന്തുണച്ച് ലോകേഷ് കനകരാജും രംഗത്തെത്തി. ''മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു'' അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

എന്തായാലും തന്റെ അഭിമുഖം മൻസൂർ അലി ഖാന്റെ വിലയിടിച്ചിരിക്കുകയാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ ചിലർ ഖാനെ പിന്തുണച്ചും കമന്റിടുന്നുണ്ട്.