മുംബൈ: രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ ബോളിവുഡിന് വൻ വിജയമാണ് സമ്മാനിച്ചത്. പണം വാരി പടങ്ങളുടെ കൂട്ടത്തിലേക്കാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധ പേടിച്ചുപറ്റിയത് തൃപ്തി ദിമ്രിയായിരുന്നു. അൽപ്പം അധികം ഹോട്ടായി തന്നെ ചിത്രത്തിൽ അഭിനയിച്ചതോടയാണ് തൃപ്തി ശ്രദ്ധിക്കപ്പെട്ടത്.

താരം വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. ഇപ്പോൾ രശ്മികയെ അവഗണിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിമൽ നിർമ്മാതാവ് പ്രണയ് റെഡ്ഡി വാങ്ക. രൺബീറിന്റെ കഥാപാത്രം കഴിഞ്ഞാൽ ഏറ്റവും ശക്തമായ വേഷമാണ് രശ്മിക ചെയ്ത ഗീതാജ്ഞലിയുടേത്. രശ്മിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നിട്ടും നടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നാണ് പ്രണയ് പറയുന്നത്.

ഗീതാഞ്ജലി വളരെ ശക്തമായ കഥാപാത്രമാണ്. എന്നിട്ടുപോലും നിരൂപകർക്ക് അത് വലിയ പ്രശ്നമാണ്. റൺബീർ കപൂറിനോട് താരതമ്യം ചെയ്യുമ്പോൾ രശ്മികയും നന്നായി അഭിനയിച്ചിട്ടുണ്ട്. മുംബൈയിലെ മാധ്യമങ്ങളൊന്നും രശ്മികയെക്കുറിച്ച് സംസാരിക്കുന്നില്ല. അവരെ അവഗണിക്കുന്നു. അതിന് കാരണം പി.ആർ ഏജൻസികളായിരിക്കാം. ഏജൻസികൾ അത് പുറമെയ്‌ക്ക് കാണിക്കുന്നില്ല. എന്നാൽ, വരികൾക്കിടയിലൂടെ വായിച്ചാൽ നമുക്ക് മനസ്സിലാകും. - എന്നാണ് പ്രണയ് പറഞ്ഞത്.

സോയ വഹാബ് റിയാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തൃപ്തി ദിമ്രി അവതരിപ്പിച്ചത്. ചിത്രത്തിൽ വളരെ ബോൾഡായ രംഗങ്ങളിൽ തൃപ്തി അഭിനയിക്കുന്നുണ്ട്. രൺബീറിനൊപ്പമുള്ള പ്രണയ രംഗങ്ങൾ വലിയ ശ്രദ്ധനേടിയതോടെ തൃപ്തി വലിയ പ്രേക്ഷക ശ്രദ്ധനേടി. ആറു ലക്ഷം മാത്രമുണ്ടായിരുന്ന തൃപ്തിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 40 ലക്ഷമായി ഉയർന്നു.