ലണ്ടൻ: പുതിയ സുരേഷ് ഗോപി ചിത്രം ഗരുഡൻ ഉയരെ ഉയരെ പറപറക്കുകയാണ്. അടുത്തിടെ ഉണ്ടായ വിവാദം മറികടക്കാൻ എന്ന പോലെ സുരേഷ് ഗോപിയുടെ ആരാധകരായ സ്ത്രീകൾ ഇടിച്ചു തിക്കി തിയറ്ററുകളിൽ എത്തി തുടങ്ങിയതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിവ്യൂ വരുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞു നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കോടതി വിധി നേടിയതിലൂടെ മാധ്യമ രംഗത്ത് ഗരുഡനെ കുറിച്ചുള്ള വാർത്തകൾ ചുരുക്കമാണ്. എന്നാൽ കഴിഞ്ഞ ദിവസം തൃശൂർ ഗിരിജ തിയറ്ററിൽ അടക്കം സ്ത്രീകൾക്കായി പ്രത്യേക ഷോ നടന്നതിലൂടെ ചിത്രത്തെ കുറിച്ച് വലിയ കൗതുകമാണ് സിനിമ ലോകം പങ്കിടുന്നത്.

ചിത്രം കണ്ടിറങ്ങിയവർ യു ട്യൂബ് ചാനലുകളിൽ പോലും കഥാ തന്തുവിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ കൃത്യത പുലർത്തുമ്പോഴാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന പേരിൽ യുട്യൂബ് കച്ചവടക്കാർ പല സിനിമകളെയും നെഗറ്റീവ് റിവ്യൂ നൽകി കൊല്ലാക്കൊല ചെയ്ത ദുരനുഭവം ഗരുഡാനിൽ ഉണ്ടാകാതെ പോയത് എന്നതും സിനിമ ലോകത്തിനു ആശ്വാസമാകുകയാണ്. ഒരു പക്ഷെ ഭാവിയിലേക്കുള്ള നല്ല മാറ്റമായിരിക്കാം ഈ ഒരാഴ്ചത്തെ റിവ്യൂ ബോംബ് നിരോധനം എന്ന് വിലയിരുത്തുന്നവരാണ് ഏറെയും.

പുതുമുഖക്കാരിയായി വേഷമിട്ട ആദ്യ സീൻ ലാലേട്ടനോടൊപ്പം

രണ്ടു വർഷം മുൻപ് ദൃശ്യം രണ്ടാം പതിപ്പ് ഇറങ്ങിയപ്പോൾ ആ സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധ നേടിയ ഡോക്ടറുടെ വേഷം ചെയ്തത് മുൻ യുകെ മലയാളി ആയ രഞ്ജിനി ജോർജ് ആയിരുന്നു. ഏതാനും വർഷം ഓക്സ്ഫോർഡിന് അടുത്ത ബാൻബറിയിൽ നഴ്സ് ആയി ജോലി ചെയ്ത ശേഷം സിനിമ മോഹം ഉള്ളിൽ തട്ടിയാണ് രഞ്ജിനി കേരളത്തിലേക്ക് മടങ്ങിയത്. തുടർന്ന് ദൃശ്യത്തിൽ ലഭിച്ച അവസരം രഞ്ജിനിക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു.

പ്രത്യേകിച്ചും താര സിംഹാസനത്തിൽ ഇരിക്കുന്ന മോഹൻ ലാലിന് ഒപ്പം ഒരു പുതുമുഖക്കാരിക്ക് സ്‌ക്രീനിൽ അവസരം ലഭിച്ചു എന്നതാണ് രഞ്ജിനിയെ വീണ്ടും സിനിമയിൽ പിടിച്ചു നിർത്താൻ കാരണമായത്. ഇടക്കാലത്ത് ഐഇഎൽടിഎസ് ട്രെയിനർ ആയി ജോലി ചെയ്തിരുന്ന രഞ്ജിനി ജോലിയിലേക്കോ സ്വന്തമായ സംരഭത്തിലേക്കോ തിരിയാൻ ഒരുങ്ങുന്നതിനിടെയാണ് ദൃശ്യത്തിലേക്കുള്ള അവസരം ലഭിച്ചത്.

തുടർന്ന് ചെറുതും വലുതുമായ പത്തു ചിത്രങ്ങൾ പൂർത്തിയാക്കിയാണ് രണ്ടു വർഷത്തിനകം രഞ്ജിനി വീണ്ടും മറ്റൊരു സൂപ്പർ താര ചിത്രമായ ഗരുഡനിൽ എത്തുന്നത്. ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന ജഗദീഷിന്റെ ഭാര്യ ആയാണ് രഞ്ജിനി വേഷമിടുന്നത്. അതും ഇതുവരെ ലഭിക്കാത്ത സാധാരണക്കാരിയായ, ഉള്ളിൽ നീറുന്ന പ്രയാസങ്ങൾ കൊണ്ട് നടക്കുന്ന മധ്യ വയസ്‌കയായ ഒരു ഉമ്മയായാണ് രഞ്ജിനി വേഷമിടുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനിൽ രഞ്ജിനിയെ അൽപം ഇരുണ്ട നിറക്കാരിയായ ഉമ്മയാക്കാൻ സാങ്കേതിക വിദഗ്ദ്ധർ നന്നായി സമയമെടുത്താണ് വേഷപ്പകർച്ച സാധ്യമാക്കിയെടുത്ത്. നല്ല വെളുത്ത നിറമുള്ള രഞ്ജിനിയെ ചായക്കൂട്ടുകൾ യോജിപ്പിച്ച് ഇരുണ്ട നിറക്കാരിയാക്കി മാറ്റുക എന്നത് അൽപം ശ്രമകരമായ ജോലി തന്നെ ആയിരുന്നു അണിയറ പ്രവർത്തകർക്ക്. എങ്കിലും വിഷാദം പേറുന്ന ആ അമ്മയെ താൻ സാധിക്കുന്ന വിധത്തിൽ തന്നെ ഭംഗിയാക്കി അവതരിപ്പിച്ചു എന്നാണ് രഞ്ജിനി ഓർത്തെടുക്കുന്നത്.

അംഗീകാരമായി തുറന്ന വേദിയിൽ സുരേഷ് ഗോപിയുടെ വാക്കുകൾ

രഞ്ജിനി ഇത് വെറുതെ പറയുന്നതല്ല എന്ന് തെളിയിക്കുന്നത് ചിത്രത്തിലെ ഹീറോ സുരേഷ് ഗോപി തന്നെയാണ്. ഗരുഡന്റെ പ്രൊമോഷന് വേണ്ടി നടത്തിയ ഷോക്ക് ശേഷം മാധ്യമ പ്രവർത്തകരുമായി സംവദിക്കവേയാണ് സുരേഷ് ഗോപി രഞ്ജിനിയുടെ അഭിനയത്തെ കുറിച്ച് വാനോളം പുകഴ്‌ത്തുന്നത്. രഞ്ജിനിയുടെ പേര് പോലും ഓർത്തെടുക്കാനാകുന്നില്ലെങ്കിലും സംഭാഷണത്തിൽ ഉടനീളം അദ്ദേഹം ഉമ്മച്ചിയായി അഭിനയിച്ച താരം അസാമാന്യമായ പ്രകടനമാണ് നടത്തിയതെന്ന് പറഞ്ഞത് ഏറ്റവും വലിയ അംഗീകാരമായി രഞ്ജിനി കരുതുകയാണ്. ഒരു യഥാർത്ഥ അഭിനേതാവ് തന്നിലെ പ്രതിഭയെ തിരിച്ചറിഞ്ഞതിൽ പരം സന്തോഷം സിനിമ ജീവിതത്തിൽ നിന്നും കിട്ടാനില്ല എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകളോട് അവർ പ്രതികരണം അറിയിച്ചത്.

താരശ്രദ്ധ ശ്രദ്ധ ബ്രോ ഡാഡി, ഉടുമ്പ്, കടുവ, മകൾ സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം ഭാഗം, ആരോട് പറയാൻ ആര് കേൾക്കാൻ, മഹേഷും മാരുതിയും, കള്ളനും ഭഗവതിയും എന്നിവയാണ് രഞ്ജിനി മുൻപ് ചെയ്ത ചിത്രങ്ങൾ. രണ്ടു മുതിർന്ന മക്കളുടെ അമ്മയായ രഞ്ജിനി അവർക്കായി തനി വീട്ടമ്മയുടെ റോൾ കൂടി പൂർത്തിയാക്കിയാണ് അഭിനയത്തിനായി സമയം കണ്ടെത്തുന്നത്. ഭർത്താവും മക്കളും നൽകുന്ന പൂർണ പിന്തുണ കൊണ്ട് കിട്ടുന്ന സമയം സിനിമക്ക് കൂടി നീക്കി വയ്ക്കുന്നതാണ് രഞ്ജിനിയുടെ ശീലം. ഗരുഡനിലെ വേഷം തനിക്കു കൂടുതൽ മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കും എന്നാണ് കൂത്താട്ടുകുളംകാരിയായ രഞ്ജിനി കരുതുന്നത്.

ഏഴു മക്കളുള്ള വലിയ കുടുംബത്തിലെ അംഗമാണ് രഞ്ജിനി. തന്റെ സിനിമ ജീവിതം യുകെ മലയാളികൾക്ക് കുറച്ചു കൂടി അടുപ്പം തോന്നാനും കാരണമാകും എന്നാണ് രഞ്ജിനി കരുതുന്നത്. കാരണം രഞ്ജിനിയുടെ രണ്ടു സഹോദരന്മാരും ഒരു സഹോദരിയും യുകെ മലയാളികളാണ്. ബിർമിൻഹാമിൽ സെൻ മെട്രോ എന്ന റെസ്റ്റോറന്റ് നടത്തുന്ന ജെയ്‌മോൻ ജോർജ്, സ്‌കോട്ലൻഡ് മലയാളിയായ ബിജു ജോർജ്, ബിർമിൻഹാമിൽ നഴ്സ് ആയി ജോലി ചെയ്യുന്ന സിനി മാർട്ടിൻ എന്നിവരാണ് രഞ്ജിനിയുടെ യുകെയിൽ ഉള്ള സഹോദരങ്ങൾ.

രഞ്ജിനിയുടെ ദൃശ്യത്തിലെ വേഷത്തെ കുറിച്ച് മാധ്യമ ലോകത്തു ആദ്യ കുറിപ്പ് പ്രത്യക്ഷപ്പെട്ടത് ബ്രിട്ടീഷ് മലയാളിയിലൂടെ ആണെന്നത് പോലെ ഇപ്പോൾ ഗരുഡനിലെ വേഷത്തെക്കുറിച്ചുള്ള ആദ്യ പരാമർശവും മാധ്യമ ലോകത്തു എത്തുന്നത് ബ്രിട്ടീഷ് മലയാളിയുടെ ആണെന്നത് യാദൃശ്ചികതയായി മാറുകയാണ്.