കൊച്ചി: നടി തൃഷയെ അപമാനിക്കുന്ന തരത്തിലുള്ള മൻസൂർ അലി ഖാന്റെ പരാമർശം തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ലോകേഷ് അടക്കമുള്ളവർ നടനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നു. സൈബറിടത്തിലും നടനെതിരെ തെറിവിളികൾ തുടരുകയാണ്. ഇതിനിടെയാണ് മലയാളം നടൻ ഹരിശ്രീ അശോകന്റെ വാക്കുകളും ചർച്ചയാകുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടൻ ഹരിശ്രീ അശോകൻ മൻസൂർ അലി ഖാനെക്കുറിച്ച് പറയുന്ന വിഡിയോ ആണ്. സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മോശം അനുഭവത്തേക്കുറിച്ചാണ് ഹരിശ്രീ അശോകൻ പറയുന്നത്. ഷൂട്ടിങ്ങിനിടെ മൻസൂർ അലി ഖാൻ തങ്ങളെ ശരിക്കും മർദിച്ചു എന്നാണ് താരം പറയുന്നത്. ആദ്യം വിലക്കിയിട്ടും മർദനം തുടർന്നതോടെ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു എന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. മൻസൂർ അലി ഖാനെക്കുറിച്ച് മലയാളം നടന്റെ വാക്കുകൾ എന്ന് പറഞ്ഞാണ് തെന്നിന്ത്യയിയിൽ വിഡിയോ ചർച്ചയാവുന്നത്.

'സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. അദ്ദേഹത്തിന് കണ്ണ് കാണാം. ഞങ്ങൾ അന്ധന്മാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ രണ്ട് പ്രാവശ്യം നെഞ്ചിനിട്ടും ചവിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല. രണ്ടാമതും ചവിട്ടി. ഞാൻ നിർത്താൻ പറഞ്ഞു. ''നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന്'' ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു.- ഹരിശ്രീ അശോകൻ പറഞ്ഞു.

ഒരു അഭിമുഖത്തിനിടെയാണ് മൻസൂർ അലി ഖാൻ നടിയെക്കുറിച്ച് മോശം രീതിയിൽ സംസാരിച്ചത്. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ മൻസൂർ അലി ഖാൻ വേഷമിട്ടിരുന്നു. ചിത്രത്തിലെ നായികയായ തൃഷയ്‌ക്കൊപ്പം കോമ്പിനേഷൻ സീനുകളൊന്നും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ചായിരുന്നു മൻസൂറിന്റെ പരാമർശം. ലിയോ സിനിമയിൽ തൃഷയ്‌ക്കൊപ്പം ബെഡ് റൂം സീനിൽ അഭിനയിക്കണം എന്നാണ് താൻ ആഗ്രഹിച്ചത് എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. നടന്റെ അപകീർത്തി പരാമർശം വലിയ ചർച്ചയായതിന് പിന്നാലെയാണ് തൃഷ വിമർശനവുമായി എത്തിയിരുന്നു.