ചെന്നൈ: തമിഴ് സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതണ്ടാ-ഡബിൾ എക്‌സ്. സിനിമാ ലോകത്തെ ശരിക്കും വിസ്മയിപ്പിക്കുകാണ് ഈ സിനിമ. നിരവധി പേരാണ് ചിത്രം കണ്ട് സംവിധായകനേയും താരങ്ങളേയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പുതുതായെത്തിയിരിക്കുന്നത് സാക്ഷാൽ രജനികാന്താണ്. ചിത്രത്തെ മനസറിഞ്ഞ് അഭിനന്ദിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കത്ത് പുറത്തുവിട്ടിരിക്കുകയാണ് കാർത്തിക് സുബ്ബരാജും ലോറൻസും എസ്.ജെ. സൂര്യയും.

12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലൊരു സിനിമ എന്നാണ് രജനികാന്ത് ജിഗർതണ്ട-ഡബിൾ എക്‌സിനെ വിശേഷിപ്പിച്ചത്. കാർത്തിക് സുബ്ബരാജിന്റെ അദ്ഭുതമാർന്ന നിർമ്മിതി.. വ്യത്യസ്തമായ കഥയും പശ്ചാത്തലവും. സിനിമാ ആരാധകർ മുമ്പൊരിക്കലും അനുഭവിക്കാത്ത പുതുമയുള്ള കാഴ്ചാനുഭവം. രാഘവാ ലോറൻസിന് ഇങ്ങനെയൊക്കെ അഭിനയിക്കാനാവുമോ എന്ന അദ്ഭുതം മനസിലുണ്ടാക്കി. വില്ലനും കൊമേഡിയനും കാരക്റ്ററും കലർന്ന വേഷമായിരുന്നു എസ്.ജെ. സൂര്യയുടേതെന്നും രജനി എഴുതി. തമിഴിലെ ഇന്നത്തെ കാലത്തെ നടിഗവേൽ എന്നാണ് എസ്.ജെ.സൂര്യയെ രജനികാന്ത് വിശേഷിപ്പിച്ചത്. മുൻകാല തമിഴ് നടൻ എം.ആർ. രാധയെ ആരാധകർ വിളിച്ചിരുന്ന വാക്കാണിത്.

ഛായാഗ്രാഹകൻ തിരു, പ്രൊഡക്ഷൻ ഡിസൈനർ സന്താനം, സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായനേയും സൂപ്പർതാരം അഭിനന്ദിച്ചു. വ്യത്യസ്തമായ സിനിമകൾക്ക് അത്രമേൽ വ്യത്യസ്തമായ സംഗീതമൊരുക്കുന്നതിൽ രാജാവാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. അദ്ദേഹം സംഗീതത്തിലൂടെ ജിഗർതണ്ടയ്ക്ക് ജീവനേകുകയും അതീവ പ്രതിഭാശാലിയായ സംഗീതജ്ഞനാണെന്ന് തെളിയിക്കുകയും ചെയ്തുവെന്നും രജനികാന്ത് എഴുതി.

ഈ ചിത്രത്തിന്റെ വിജയത്തോളം രജനിയുടെ വാക്കുകൾ തന്നെ ആനന്ദിപ്പിക്കുന്നുവെന്നാണ് രാഘവാ ലോറൻസ് കത്ത് പങ്കുവെച്ചുകൊണ്ട് എക്‌സ് അക്കൗണ്ടിൽ കുറിച്ചത്. കത്തിന് കാർത്തിക് സുബ്ബരാജും എസ്.ജെ. സൂര്യയും എക്‌സിലൂടെ നന്ദി അറിയിച്ചു.

നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളിൽ. 2014 ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത 'ജിഗർതണ്ട'യുടെ തുടർഭാഗമാണ് 'ജിഗർതണ്ടാ ഡബിൾ എക്‌സ്'. കതിരേശന്റെ നിർമ്മാണത്തിൽ ഒരുക്കിയ ആദ്യഭാഗത്തിൽ സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.