ചെന്നൈ: തെന്നിന്ത്യൻ ബോക്‌സ് ഓഫിസിൽ ഒന്നാകെ തരംഗമാവുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും വലിയ രീതിയിൽ ചർച്ചയാവുകയാണ് ചിത്രം. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിൽ ഇൻസ്‌പെക്ടറുടെ വേഷത്തിൽ എത്തിയ വിജയ മുത്തുവിന്റെ ഒരു അഭിമുഖമാണ്. ഈ അഭിമുഖവും സൈബറിടത്തിൽ വൈറലാണ്.

32 വർഷത്തെ കരിയറിൽ തനിക്ക് മികച്ചൊരു വേഷം തരാൻ മലയാളി സംവിധായകൻ വേണ്ടിവന്നു എന്നാണ് താരം വീഡിയോയിൽ പറയുന്നത്. വളരെ വൈകാരികമായാണ് വിജയമുത്തു സംസാരിച്ചത്.

'പഠിക്കാതെ 12 വയസിൽ സിനിമയിൽ വന്നതാണ്. എന്റെ 32 വർഷത്തെ കരിയറിൽ നല്ല വേഷങ്ങൾക്കായി ഞാൻ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാൽ എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നൽകിയത്. ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോൾ നല്ല നടൻ എന്ന് രേഖപ്പെടുത്തണം. 32 വർഷത്തിന് ശേഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം'- വിജയ മുത്തു പറഞ്ഞു.

ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. കൊടൈക്കനാലിൽ യാത്ര പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിൽ പറഞ്ഞത്. തമിഴ്‌നാട്ടിൽ നടക്കുന്ന സംഭവമായതിനാൽ തന്നെ തമിഴ് നടന്മാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം ചെയ്തത്. തമിഴ്‌നാട്ടിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമായി മഞ്ഞുമ്മൽ ബോയ്‌സ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കമൽഹാസനെയും കണ്ടു.