ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായി എന്ന പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാർത്ത പ്രചരിപ്പിക്കുന്നത്. ''ഒടുവിൽ അവൾ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവൾ തെളിയിച്ചു, ഹാറ്റ്സ് ഓഫ് ടു സായ് പല്ലവി'' എന്നാണ് നടിയുടെ ഫാൻ പേജിൽ എത്തിയ ഒരു പോസ്റ്റ്.

സായ് പല്ലവിക്ക് ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ എക്സിലും എത്തുന്നുണ്ട്. എന്നാൽ ഈ വൈറൽ ചിത്രം മറ്റൊരു ചിത്രത്തിൽ നിന്നും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്. ശിവകാർത്തികേയൻ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ ചിത്രമാണിത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ശിവകാർത്തികേയന്റെ 21-ാം ചിത്രത്തിന്റെ 'എസ്‌കെ21' എന്ന ബോർഡും പിടിച്ചാണ് സംവിധായകൻ രാജ്കുമാർ നിൽക്കുന്നത്. അതേസമയം, കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് എസ്‌കെ21 നിർമ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങിൽ കമലും എത്തിയിരുന്നു.