മുംബൈ; ബോളിവുഡിന് പുതിയ ജീവശ്വാസം നൽകുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സിനിമ ജവാൻ. കലക്ഷൻ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് സിനിമ മുന്നേറുന്നത്. ചിത്രം ഇതിനോടകം തന്നെ വൻ വിജയം ബോക്‌സോഫീസിൽ നേടിയിട്ടുണ്ട്. റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ 650 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്.

സെപ്റ്റംബർ 7ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച തികയുമ്പോൾ ഇന്ത്യയിൽ മാത്രം വിറ്റുപോയത് 9.7 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. ഇന്ത്യയിൽ ജവാൻ എല്ലാ ഭാഷകളിലുമായി ഏകദേശം 368.38 കോടി രൂപയാണ് നേടിയത്. ജവാന്റെ ഹിന്ദി പതിപ്പ് 21.5 കോടി നേടിയപ്പോൾ തമിഴ്, തെലുങ്ക് പതിപ്പുകൾ യഥാക്രമം 95 ലക്ഷവും 85 ലക്ഷവും നേടി.

106 കോടിയായിരുന്നു ആഗോളതലത്തിൽ ഷാറൂഖ് ഖാൻ ചിത്രം പത്താൻ നേടിയത്. ഷാരൂഖ് ഖാൻ നായകനായവയിൽ ഏറ്റവും കളക്ഷൻ നേടിയതും പഠാനാണ്. ഇപ്പോഴത്തെ സ്ഥിതിവെച്ച് ജവാൻ അതിവേഗം തന്നെ പഠാനെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജവാന്റെ വിജയത്തിൽ താരത്തെ അഭിനന്ദിച്ച് അക്ഷയ് കുമാറും എത്തിയിരുന്നു.

ഏഴ് ദിവസം കൊണ്ടാണ് പഠാൻ 300 കോടി ക്ലബ്ബിൽ കയറിയത്. സണ്ണി ഡിയോളിന്റെ ഗദർ 2 എട്ട് ദിവസവും. ജവാൻ ആറ് ദിവസം കൊണ്ടാണ് 300 കോടി മറികടന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 300 കോടി കടന്ന ഹിന്ദി ചിത്രമായി ജവാൻ മാറി. ഇന്ത്യൻ സിനിമാ ലോകത്തിൽ തരംഗമാവുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. 129.6 കോടിയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ.