തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമാക്കി റാങ്ക് ​​ഹോൾഡേഴ്സ്. ആദ്യം കേരളത്തെ നടുക്കിയ പിഎസ് സി കോപ്പിയടി വിവാദത്തെ തുടർന്ന് അഞ്ച് മാസത്തോളം റാങ്ക് പട്ടിക പി എസ് സി മരവിപ്പിച്ചിരുന്നു. അതിനു ശേഷം നിയമന നടപടികൾ ആരംഭിക്കാനിരുന്നപ്പോഴാണ് കൊറോണ വന്നത്. അതോടെ അഭിമുഖങ്ങളും നിയമനവും പി എസ് സി നിർത്തിവച്ചു. അങ്ങനെയും പോയി നാലു മാസം. പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽപ്പെട്ടിട്ടും ജോലി കിട്ടാത്ത ഭാഗ്യദോഷികളായി മാറുകയാണ് സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ.

ആദ്യഘട്ട നിയമനഃശേഷം മുൻവർഷങ്ങളിലെപ്പോലെ രണ്ടാംഘട്ട നിയമനം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് ഉണ്ടായിട്ടില്ല. കേവലം ഒരു വർഷം മാത്രമാണ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി. 2019ൽ നിലവിൽ വന്ന പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി കോപ്പിയടി കേസ്‌ മൂലം അഞ്ചുമാസവും കൊറോണ മൂലം മുന്നു മാസവും നഷ്ടമായി എന്ന് ഉദ്യോ​ഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

മാർച്ച്‌ മാസം അവസാനിച്ച മൂന്നുവർഷക്കാലയാളവുള്ള ലിസ്റ്റുകൾ പോലും മൂന്നുമാസം നീട്ടി നൽകി. എന്നിട്ടും പൊലീസ് റാങ്ക് ലിസ്റ്റിനോട് മാത്രമാണ് ഈ അവ​ഗണനയെന്ന് ഉദ്യോ​ഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നിലവിലെ മറ്റു ലിസ്റ്റുകൾ ഇല്ലാതിരിക്കുകയാണെങ്കിൽ ആ റാങ്ക് ലിസ്റ്റ് നീട്ടാം അതിനു നിയമ തടസ്സങ്ങൾ ഇല്ലായെന്ന് കോടതിയുടെ തന്നെ ഉത്തരവുണ്ട്. അതുപോലെ പി.എസ്.സി ചട്ടത്തിലെ 13 വകുപ്പ് പ്രകാരം ഒരു വർഷം കാലവധി ഉള്ള ലിസ്റ്റുകൾക്ക് നിലവിൽ വേറൊരു ലിസ്റ്റ് ഇല്ലത്ത പക്ഷം മൂന്നു വർഷം വരെ നീട്ടി നൽകാം എന്നും ഉദ്യോ​ഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

മൂന്നു വർഷം കാലാവധി ഉള്ള റാങ്ക് ലിസ്റ്റുകൾകൾക്ക് കാലാവധി വീണ്ടും നീട്ടി നൽകിയപ്പോഴും ഒരു വർഷം മാത്രം കാലാവധി ഉള്ള സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പരിഗണിക്കപ്പെട്ടില്ല. ഫലത്തിൽ ഇതുവരെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ നിയമന പ്രവർത്തനങ്ങൾ നടന്നത് നാലു മാസം മാത്രമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.