ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണയും ജസ്റ്റിസ് യു യു ലളിതും രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക ട്വിറ്റർ പേജാണ് വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ പുതിയ ജഡ്ജിമാർ ചുമതലയേറ്റതിന് പിന്നാലെയാണ് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച.

ചരിത്രത്തിലാദ്യമായി മൂന്ന് സ്ത്രീകളുൾപ്പെടെ ഒമ്പത് പേരാണ് രാജ്യത്ത് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേറ്റത്.ഇതിന് മുൻപ് 1993ൽ അഞ്ച് ജഡ്ജിമാർ ഒരുമിച്ച് ചുമതലയേറ്റിരുന്നു. എൻ സന്തോഷ് ഹെഗ്‌ഡെ, ആർഎഫ് നരിമാൻ, യുയു ലളിത്, എൽ എൻ റാവു, ഇന്ദു മൽഹോത്ര തുടങ്ങിയവരായിരുന്നു അന്ന് ഒരുമിച്ച് ചുമതലയേറ്റത്.

ഈ വർഷം ഏപ്രിൽ 24നാണ് ഇന്ത്യയുടെ 48-മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ.വി രമണ ചുമതലയേറ്റെടുത്തത്.രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് അന്ന് എൻവി രമണയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.