മുംബൈ: തീക്കട്ടയിൽ ഉറുമ്പരിക്കുമോ എന്നു ചോദിച്ചു പോകുന്ന ചില സന്ദർഭങ്ങളുണ്ട്. അത്തരമൊരു സന്ദർഭമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളുടെ കുടുംബത്തിൽ കയറി സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാണ് വാർത്ത. സുപ്രീംകോടി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത വസ്തു മേൽനോട്ടക്കാരനാണ് അറസ്റ്റിലായിരിക്കുന്നത്.

ഒരു പതിറ്റാണ്ടിലേറെക്കാലം ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന തപസ് ഘോഷ്(49) ആണ് പിടിയിലായത്. കുടുംബത്തിന്റെ അതിവിസ്വസ്തനായതു കൊണ്ട് ആരും ഇയാളെ സംശയിച്ചിരുന്നില്ല, ഈ അവസരം മുതലെടുത്തായിരുന്നു ഇയാൾ പണം തട്ടിപ്പു നടത്തിയത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നാഗ്പൂരിലെ സീഡൊൺ ലോണിന്റെ നടത്തിപ്പുകാരനായിരുന്നു ഇയാൾ.

എസ്.എ ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയായിരുന്നു ലോണിന്റെ ഉടമ. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും വാടകയ്ക്ക് നൽകിയിരുന്ന ഇവിടുത്തെ വരുമാന തുക പൂർണമായും തപസ് ഘോഷ് ഉടമയായ മുക്ത ബോബ്ഡെയ്ക്ക് നൽകിയിരുന്നില്ല. ചിലപ്പോഴൊക്കെ പണമടയ്ക്കാതെ വീഴ്ച വരുത്തുകയും ചെയ്തു. തുടർന്ന് മുക്ത ബോബ്ഡെ സാമ്പത്തിക വഞ്ചനയ്ക്ക് പരാതി നൽകി.

നാഗ്പൂർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിനീത സാഹുവിന്റെ നേതൃത്വത്തിൽ പ്രത്യക അന്വേഷണ സംഘം സ്ഥലത്തെത്തി. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്തപ്പോൾ 2.5 കോടി രൂപയുടെ തട്ടിപ്പ് ഘോഷ് നടത്തിയതായി കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2007 മുതൽ ഈ സ്ഥലത്തിന്റെ മേൽനോട്ടക്കാരനായ ഘോഷിന് സ്ഥിരമായ ശമ്പളവും പുറമേ കമ്മീഷനും നൽകിയിരുന്നുവെന്ന് ബോബ്ഡെ കുടുംബം പറയുന്നു.

കോവിഡ്കാലത്ത് നിരവധി വിവാഹ ബുക്കിംഗുകൾ റദ്ദാക്കപ്പെട്ടപ്പോൾ ഘോഷ് പണം മടക്കി നൽകിയിരുന്നില്ല. ഇതിന്റെ പരാതി ഉയർന്നപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ പങ്കുള്ള ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തു. ഇവരെ ഡിസംബർ 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.