കണ്ണൂർ: മൻസൂർ വധക്കേസ് പ്രതികൾ സിപിഎമ്മുകാരായതിനാൽ പൊലീസ് അന്വേഷണത്തിൽ കാര്യമില്ലെന്ന് ബിജെപി നേതാവ് സി കെ പത്മനാഭൻ. ഇവിടെ സിബിഐ അന്വേഷണത്തിനാണ് പ്രസക്തിയുള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു.

പാനൂരിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് സന്ദർശിച്ച സി കെ പത്മനാഭന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം പിതാവ് മുസ്തഫയോടും സഹോദരൻ മുഹ്സിനോടും സംസാരിച്ചു.

മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. എലിക്കൊത്തന്റവിട ബിജേഷ് ആണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇയാൾ എഫ്ഐആറിൽ പ്രതിപ്പട്ടികയിലുള്ളയാളല്ല. കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർ മൻസൂറിന് വധിക്കുന്നതിന് മുൻപ് ഒരുമിച്ച് കൂടിയെന്ന് കരുതുന്ന സി സി ടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വെച്ച് ശ്രീരാഗ് അടക്കമുള്ള പ്രതികൾ ഒരുമിച്ച് കൂടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങളിലുള്ള ആരേയും പ്രതി ചേർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാരോപിച്ച് മൻസൂറിന്റെ കുടുംബം രംഗത്തെത്തി. ദൃശ്യങ്ങളിലുള്ളവരെ കസ്റ്റഡിയിലെടുത്താൽ വ്യക്തത വരുമെന്നും കുടുംബം ചൂണ്ടിക്കാട്ടി.

പോളിങ്ങ് നടന്ന ഏപ്രിൽ ആറിനാണ് മൻസൂറിന് നേരെ ആക്രമണമുണ്ടാകുന്നതും പിറ്റേന്ന് പുലർച്ചെ 22കാരൻ കൊല്ലപ്പെടുന്നതും. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പുതിയ വിവാദത്തിന് തിരി കൊളുത്തി.

ഒളിവിലായിരുന്ന രതീഷിനെ സിപിഐഎം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മൻസൂർ വധത്തിന്റെ നേതൃത്വ ചുമതല. കേരളത്തിന് പുറത്ത് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഗോപേഷ് അഗർവാൾ തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻകുമാർ അന്വേഷണത്തെ ഏകോപിപ്പിക്കും. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി വിക്രമനാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.