തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിന്റെ പേരിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ഒരാൾക്ക് കുത്തേൽക്കുകയും ചെയ്ത സംഭവത്തിൽ നാലു ബിജെപി. പ്രവർത്തകർ അറസ്റ്റിൽ. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

വാടാനപ്പള്ളി തൃത്തല്ലൂരിലെ ബിജെപി. പ്രവർത്തകരായ സഹലേഷ്, സജിത്, ബിപിൻദാസ് എന്നിവരടക്കമാണ് അറസ്റ്റിലായത്. ഇവർക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് വാടാനപ്പള്ളി തൃത്തല്ലൂരിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ബിജെപി. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ തൃത്തല്ലൂർ വ്യാസനഗറിലെ കിരണിന് കുത്തേറ്റിരുന്നു.

കൊടകര കുഴൽപ്പണ കേസിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിലുണ്ടായ ചില ആരോപണങ്ങളാണ് സംഘർഷത്തിന് കാരണമായത്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുടെ പേരിൽ പ്രദേശത്തെ ബിജെപി പ്രവർത്തകർക്കിടയിൽ നേരത്തെ തർക്കംനിലനിന്നിരുന്നു. തൃത്തല്ലൂർ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവർത്തകർ തമ്മിലാണ് കുഴൽപ്പണ കേസിന്റെ പേരിൽ തർക്കമുണ്ടായിരുന്നത്.

കുഴൽപ്പണ കേസിൽ ഏഴാംകല്ലിലുള്ള ബിജെപി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവർത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ വാക്പോര് നടക്കുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച സംഘർഷമുണ്ടായത്.

വ്യാസനഗറിലെ ബിജെപി. പ്രവർത്തകരായ ചിലർ ഞായറാഴ്ച ഉച്ചയോടെയാണ് കോവിഡ് വാക്സിനെടുക്കാനായി തൃത്തല്ലൂർ സി.എച്ച്.സിയിൽ എത്തിയത്. ഈ സമയം ഏഴാംകല്ലിലെ ചില ബിജെപി. പ്രവർത്തകരും ഇവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു.

അതേ സമയം കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടന്നത്. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് കണ്ടെടുത്തിയത്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.