കൊല്ലം: കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിൽസാ പിഴവിനെ തുടർന്നെന്ന് പരാതി. ആശുപത്രിയിൽ സംഘർഷാവസ്ഥ. ഡീസന്റ് മുക്ക് സ്വദേശിനിയായ ചാന്ദന(27)യാണ് ആശുപത്രിയിൽ മരിച്ചത്. ഈ മാസം 15 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാന്ദനയെ ഇന്നലെ രാത്രിയോടെയാണ് ലേബർ റൂമിൽ പ്രവേശിപ്പിച്ചത്.

എന്നാൽ പ്രസവശേഷം അമിതമായ രക്തസ്രാവമുണ്ടായെന്നും അതിന് പരിഹാരം കാണാൻ ആശുപത്രി അധികൃതർ ശ്രമിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. നാല് മണിക്കൂറിൽ അധികമാണ് രക്തം വാർന്ന് പോയതെന്ന് ഇവർ പറയുന്നു. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റാമെന്ന് ചാന്ദനയുടെ ബന്ധുക്കൾ അറിയിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ല.

നാല് മണിക്കൂറുകൾക്ക് കഴിഞ്ഞശേഷമാണ് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികാരികൾ സമ്മതിച്ചത്. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. 4 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചാന്ദനയെ മാറ്റി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലേബർ റൂമിൽ ജൂനിയർ ഡോക്ടർമാരാണ് പ്രസവം നടത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്തസ്രാവം ഗുരുതരമായതോടെയാണ് ചികിൽസിച്ചിരുന്ന ഡോക്ടർ ആശുപത്രിയിൽ എത്തിയത് എന്നാണ് ആക്ഷേപം.

സൂപ്രണ്ട് പോലും അറിയിക്കാതെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ വിശദീകരണം നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ല. യുവതിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.