കോട്ടയം: പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരള കോൺഗ്രസിന്റെയും നേതാക്കന്മാർ തമ്മിൽ ആണ് സംഘർഷമുണ്ടായത്. സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കയ്യാങ്കളിയിലേക്ക് കലാശിച്ചത്. കേരള കോൺഗ്രസു ഇടതുപക്ഷവും ചേർന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്നം സിപിഐ.എമ്മിന്റെ കൗൺസിലർ ഉന്നയിച്ചിരുന്നു. അതിനെ എതിർത്തുകൊണ്ട് കേരള കോൺഗ്രസിന്റെ നേതാക്കൾ രംഗത്തെത്തി. അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

കേരള കോൺഗ്രസ് എം-സിപിഎം ഉൾപ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയിൽ ഭരണത്തിലുള്ളത്. ഭരണത്തിലേറിയത് മുതൽ ഇരുകക്ഷികളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഈ ഭിന്നതയാണ് ഒടുവിൽ പരസ്യമായി ഏറ്റുമുട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇന്ന് രാവിലെ നഗരസഭ കൗൺസിൽ കൂടിയഘട്ടത്തിൽ ഒരു ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗൺസിലർ ഉന്നയിച്ചു. ഇതിനെ എതിർത്ത് കേരള കോൺഗ്രസ് കൗൺസിലർ എത്തുകയും പിന്നീട് വാക്ക് തർക്കവും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു.

കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടവുമാണ് ഏറ്റുമുട്ടിയത്. ഇരു കൗൺസിലർമാർക്കും പരിക്കേറ്റു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള തർക്കം മുന്നണിയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയാണ് പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ശക്തമായ മത്സരമാണ് പാലാ മണ്ഡലത്തിൽ നടക്കുന്നത്. ഇരു പാർട്ടികളുടെയും അണികൾക്കിടയിലെ തർക്കം മുന്നണിക്ക് വലിയ തലവേദന ആയിട്ടുണട്്.

ജോസ് കെ മാണിയെ തോൽപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് മാണി സി കാപ്പൻ പ്രചരണം നടത്തുന്നത്. എന്നാൽ മണ്ഡലത്തിൽ ജോസ് കെ മാണി വിജയിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന സർവേകൾ എല്ലാം പ്രവചിക്കുന്നത്. നഷ്ടമായ പാലാ തിരിച്ചെടുക്കാൻ കൂടിയാണ് ജോസ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്നത്. എൽഡിഎഫ് പാലാ സീറ്റ് നിഷേധിച്ചപ്പോൾ സ്വന്തം പാർട്ടി രൂപീകരിച്ച് കാപ്പനും കോർട്ടിലിറങ്ങി. ഇരുവരും കളിക്കുന്നത് വിജയിക്കാൻ ഉറപ്പിച്ചു കൊണ്ടാണ് താനും.

മധ്യതിരുവിതാംകൂറിൽ കുടിയേറാനാണ് സിപിഎം ചോദിച്ചതെല്ലാം കൊടുത്ത് കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ ചേർത്തത്. കേസു നടത്തി പാർട്ടിയും രണ്ടില ചിഹ്നവും ജോസ് നേടിയെടുത്തു. യഥാർഥ കേരള കോൺഗ്രസ് (എം) തങ്ങളാണെന്ന തെളിയിക്കാനും ജോസിന് ജയം അത്യാവശ്യമാണ്. പാർട്ടിയും ചെയർമാൻ സ്ഥാനവും പിടിച്ചെടുത്തതും തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ മിന്നുന്ന വിജയവും ജോസിന്റെ കൈക്കരുത്താണ്. കെ.എം. മാണിക്കെതിരെ മത്സരിക്കാൻ എതിരാളികൾ മടിച്ചപ്പോൾ ആ ദൗത്യം ഏറ്റെടുത്തത് കാപ്പൻ കുടുംബമാണ്. സഹോദരൻ ജോർജ് സി. കാപ്പൻ തുടങ്ങിയ ദൗത്യം മാണി സി. കാപ്പൻ പൂർത്തിയാക്കി.

കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയതോടെ പാലായിലെ ഇതുവരെയുള്ള വോട്ടു കണക്കിൽ മാറ്റം വന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിനും എൽഡിഎഫിനും ഒരു പോലെ പ്രതീക്ഷ നൽകുന്നതാണ്. കേരള കോൺഗ്രസ് കോട്ടയായ മുത്തോലി പഞ്ചായത്തിൽ ഭരണം പിടിച്ച ബിജെപിക്കും ഇവിടെ നിർണായക സ്വാധീനമുണ്ട്. 12 പഞ്ചായത്തുകളും പാലാ നഗരസഭയും ചേരുന്നതാണ് മണ്ഡലം. ഇതിൽ നഗരസഭയും 6 പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു. 5 പഞ്ചായത്തുകൾ യുഡിഎഫും. കേരള കോൺഗ്രസ് (എം) വിട്ടുപോയിട്ടും 5 പഞ്ചായത്തുകൾ നേടിയത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.