ഇടുക്കി: ഇടുക്കിയിലെ വാഗമണിൽ ലഹരിമരുന്നു അടങ്ങുന്ന നിശാപാർട്ടി നടത്തിയ റിസോർട്ടിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്തു തുടങ്ങി. ഒമ്പതു പേർ ചേർന്നാണ് ലഹരിമരുന്നുകൾ അടങ്ങുന്ന നിശാപാർട്ടി സംഘടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഞായാറാഴ്ച രാത്രി പൊലീസ് ഇവിടെ നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.

ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോർട്ടിൽ ലഹരിമരുന്നു നിശാപാർട്ടി നടക്കുമെന്ന് രണ്ടുദിവസം മുൻപ് ഇടുക്കി എസ്‌പി. അടക്കമുള്ളവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ റിസോർട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പൊലീസും നർക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.

വട്ടത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിലായിരുന്നു നിശാപാർട്ടി നടന്നത്. ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് റിസോർട്ട്. ഷാജിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇതോടെ റിസോർട്ടിലേക്ക് കോൺഗ്രസുകാർ മാർച്ചുമായി രംഗത്തുവന്നു. ഡിസിസി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിലാണ് മാർച്ചു നടത്തുന്നത്. വലിയ രീതിയിലുള്ള പാർട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒൻപത് പേർ ചേർന്ന് നടത്തിയത്.

സമാന രീതിയിലുള്ള പാർട്ടി ഇവർ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാൽ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സാമൂഹ്യ മാധ്യമങ്ങൾ വഴി വിവരങ്ങൾ കൈമാറിയാണ് ഇത്തരം ഒരു പാർട്ടി വാഗമണ്ണിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം പേർ ആണ് പാർട്ടിക്ക് എത്തിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ 25 പേർ സ്ത്രീകളാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് നിശാപാർട്ടിയിൽ പങ്കെടുത്തവർ. ഇവിടെ നേരത്തെയും നിശാപാർട്ടികൾ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ്-ഇന് റിസോർട്ടിൽ ആയിരുന്നു ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത്തോളം പേർ ഉൾപ്പെട്ട സംഘമാണ് നിശാ പാർട്ടിയിൽ പങ്കെടുത്തത്. എൽ എസ് ഡി സ്റ്റാമ്പ്, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ റിസോർട്ടിൽ നിന്ന് പിടിച്ചെടുത്തു.

ഇവരെ ചോദ്യം ചെയ്തു വരുകയാണെന്നും തുടർനടപടികൾ ഇന്ന് പൂർത്തീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ഇവരിൽ ലഹരി മരുന്ന് എത്തിച്ചവരും സംഘാടകരും ഉൾപ്പടെ 15പേർക്കെതിരെയാകും നിയമ നടപടി എന്നും പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ കണക്ക് തിട്ടപ്പെടിത്തിയ ശേഷം അറിയിക്കുമെന്നും പ്രതികളുടെ അറസ്‌ററ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.