കോഴിക്കോട്: നീതിക്കായി ഒരമ്മയ്ക്കും ഇനിയിതുപോലെ തലമുണ്ഡനം ചെയ്ത് തെരുവിലൂടെ അലയേണ്ടിവരുന്ന അവസ്ഥയുണ്ടാകാൻ പാടില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഒരു പെൺകുട്ടികളും പിച്ചിച്ചീന്തപ്പെടാൻ പാടില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ താത്പര്യത്തോടെ സംഘടിപ്പിച്ചതല്ല നീതിയാത്ര. മക്കളുടെ മരണവുമായി ബന്ധപ്പെട്ട കേസുകൾ അട്ടിമറിച്ചതിന് പിന്നാലെ ആരംഭിച്ച സമരത്തിന്റെ തുടർച്ചയാണ് നീതി യാത്ര.

പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണവും കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് നീതി യാത്ര സംഘടിപ്പിക്കുന്നതെന്നും അവർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നീതി തേടിയാണ് മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ച താൻ ചതിക്കപ്പെട്ടു. കേസ് ദുർബലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതാണ്.

എന്നാൽ അന്വേഷണ ചുമതലയിലുണ്ടായിരുന്ന സോജൻ എന്ന ഡിവൈ എസ് പിക്ക് സ്ഥാന കയറ്റം നൽകുകയാണ് ചെയ്തത്. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയ മറ്റൊരു ഉദ്യോഗസ്ഥനായ ചാക്കോ സർക്കിൾ ഇൻസ്‌പെക്ടർ പദവിയിൽ തുടരുകയാണ്. വിചാരണ കോടതിയും ഹനീഫ കമ്മീഷനും ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യാങ് മൂലവും ഹൈക്കോടതിവിധി തന്നെയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ചാക്കോയാണ് പ്രമോഷനോടെ സർവ്വീസിൽ തുടരുന്നത്. സോജനാവട്ടെ പൊതു മധ്യത്തിൽ പെൺകുട്ടികളെക്കുറിച്ച് വളരെ മോശമായും നിയമവിരുദ്ധമായും സംസാരിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്.

ഇത്തരത്തിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ഇപ്പോഴും സംരക്ഷിക്കുകയാണ് സർക്കാർ. പിന്നീട് തന്റെ ആവശ്യപ്രകാരം കേസ് സിബിഐക്കു വിടാമെന്നു സമ്മതിച്ച സർക്കാർ ഉത്തരവിറക്കി. എന്നാൽ അതിലും മൂത്ത കുട്ടിയുടെ മരണം മാത്രം അന്വേഷിക്കാനാണ് വിജ്ഞാപനം ഇറക്കിയത്. അങ്ങനെ വന്നാൽ കേസിലെ അട്ടിമറി ഉൾപ്പെടാതെ പോകും. താനും സമര സമിതിയും ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ആദ്യവിജ്ഞാപനം ഒരു അബദ്ധമായിരുന്നു എന്നു പറഞ്ഞുകൊണ്ട് അത് തിരുത്തി രണ്ടു കുട്ടികളുടെ മരണവും ഉൾപ്പെടുത്താൻ തയ്യാറായി. പക്ഷെ ഇപ്പോഴും വിജ്ഞാപനം തുടർ അന്വേഷണത്തിനായാണ് ഇറക്കിയിരിക്കുന്നത് എന്നു കണ്ട് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്.

പുനർ അന്വേഷണം ഇല്ലെങ്കിൽ കേസിൽ പൊലീസ് തയ്യാറാക്കിയ രേഖകളും തെളിവുകളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കിയ അന്വേഷണമാകും നടക്കുക. കൊലപാതകം എന്ന സാധ്യത ഇതിലൂടെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് സർക്കാർ എന്ന് വ്യക്തമാണ്. കള്ളസാക്ഷികളെയും തെളിവുകളും ഉപയോഗിച്ച് കേസ് അട്ടിമറിച്ചവരെ രക്ഷിക്കാൻ തന്നെയാണ് ഇപ്പോഴും ശ്രമിക്കുന്നത്. താൻ ചതിക്കപ്പെട്ടതുപോലെ മറ്റൊരാളും ചതിക്കപ്പെടാൻ പാടില്ലെന്നും അവർ വ്യക്തമാക്കി.

തന്നോട് കേസ് ഏറ്റെടുക്കാനും അങ്ങനെ ചെയ്താൽ രക്ഷപ്പെടുത്താമെന്നുമാണ് അന്വേഷണോദ്യോഗസ്ഥനായ സോജൻ പറഞ്ഞതെന്ന് പെൺകുട്ടികളുടെ അച്ഛൻ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരുള്ള നാട്ടിൽ എങ്ങിനെയാണ് നീതി ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. പെൺകുട്ടികൾക്ക് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് ദലിത് സാമൂഹ്യ പ്രവർത്തക സെലീന പ്രക്കാനം പറഞ്ഞു. സി ആർ നീലകണ്ഠൻ സംബന്ധിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണം, എന്തിനാണ് തെരഞ്ഞെടുപ്പ് എന്നീ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് വാളയാർ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മാർച്ച് ഒമ്പതിന് കാസർക്കോട് നിന്നും ആരംഭിച്ച ജാഥ ഏപ്രിൽ നാലു വരെ തുടരും. 2017 ജനുവരി 13 നും മാർച്ച് നാലിനുമാണ് വാളയാറിലെ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.