തിരുവനന്തപുരം: കളങ്കിതവ്യക്തിത്വങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യപരിപാടികളിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത് വിവാദങ്ങളിൽ ചാടുന്നത് തുടർക്കഥയായതോടെ മൂക്കുകയറുമായി മുഖ്യമന്ത്രി. മുഖ്യമന്ത്രി വിളിച്ചുചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ചില നിർദ്ദേശങ്ങൾ നൽകിയതായാണ് വിവരം.

ഇന്റലിജൻസ് വെരിഫിക്കേഷൻ ഇല്ലാത്ത ഗവൺമെന്റിതര പൊതുപരിപാടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു പ്രധാനപ്പെട്ട നിർദ്ദേശം. ഇന്റലിജൻസ് അനുമതിയോടെ പങ്കെടുക്കുന്ന പരിപാടികളിലും യൂണിഫോം ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

എന്നാൽ ആ നിർദ്ദേശങ്ങൾ ഇതുവരെയും സർക്കുലറായോ മറ്റോ എത്തിയിട്ടില്ലാത്തതിനാൽ ആശയക്കുഴപ്പത്തിലാണ് പൊലീസുകാർ. ഈ നിർദ്ദേശങ്ങൾ ഡിജിപി മുതൽ കോൺസ്റ്റബിൾമാർ വരെ എല്ലാവർക്കും ബാധകമാണോ, അതോ ഓഫീസർ റാങ്കിലുള്ളവർക്ക് വേണ്ടി മാത്രമാണോ എന്നതാണ് പ്രധാന ആശയക്കുഴപ്പം.

ജനമൈത്രി പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരെയും എസ്ഐമാരെയും സ്ഥലത്തെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരിപാടികളിലൊക്കെ ക്ഷണിക്കുന്നത് സാധാരണമാണ്. ഈ നിർദ്ദേശം എല്ലാവർക്കും ബാധകമാണെങ്കിൽ ഇനി അത്തരം പരിപാടികളിൽ അവർക്ക് പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നാട്ടിലെ എല്ലാ പരിപാടികൾക്കും ഇന്റലിജൻസ് പരിശോധന പ്രായോഗികമാവില്ല എന്നത് തന്നെയാണ് പ്രധാനകാരണം.

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക്‌നാഥ് ബെഹ്‌റയുൾപ്പടെ മോൻസനെ സന്ദർശിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുകയും ഫോട്ടോ സഹിതം വലിയ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.എന്നാൽ മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ചില പൊലീസുകാരുടെ പങ്കും പുറത്തുവരുന്നുണ്ടെങ്കിലും അക്കാര്യങ്ങൾ അദ്ദേഹം യോഗത്തിൽ നേരിട്ട് പരാമർശിച്ചിരുന്നില്ല. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.

ആഭ്യന്തര വകുപ്പ് കൂടി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന നിലയ്ക്ക് പൊലീസ് മേൽ വരുന്ന ആക്ഷേപങ്ങളിൽ മുഖ്യമന്ത്രി കൂടി ഉത്തരം പറയേണ്ട അവസ്ഥയാണ്.ഇങ്ങനെ പൊലീസ് സേനയ്‌ക്കെതിരേ വിവിധ ആക്ഷേപങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ഉദ്യോഗസ്ഥർ ഹണി ട്രാപ്പിൽ കുടുങ്ങുന്നതിനെക്കുറിച്ച് അടക്കം മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. പൊലീസുകാർ ഇത്തരം കേസുകളിൽ കുടുങ്ങുന്നത് നാണക്കേടാണ്. സേനയ്ക്ക് മൊത്തത്തിൽ നാണക്കേടാണ് ഇതെല്ലാം. അതിനാൽ അതീവ ജാഗ്രത വേണം.

അഴിമതിക്കാരായ പൊലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. സേനയിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ചുരുക്കം ചിലർ ചെയ്യുന്ന അഴിമതി ആണെങ്കിലും നാണക്കേട് മൊത്തം സേനയ്ക്കാണ്. അതുകൊണ്ടുതന്നെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരേ കണ്ടെത്താനും നടപടി സ്വീകരിക്കാനും പ്രത്യേക സംവിധാനം വേണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയണം. മേലുദ്യോഗസ്ഥർ ഇക്കാര്യം കൃത്യമായി നിരക്ഷിക്കണം.

പൊതുജനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന വിഭാഗമായതിനാൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. പൊലീസുകാർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളിൽ ജാഗ്രത പുലർത്തണം. അനാവശ്യ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്.