തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമാണ് പ്രധാന പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു സംസ്ഥാനങ്ങളിൽ വരുന്നവർ കർശനമായി ക്വാറന്റൈൻ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്‌നിപർവ്വതത്തിന് മുകളിലാണ് നാമിരിക്കുന്നത് എന്നത് നാം ഓർക്കണം. സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ യാന്ത്രികമായി ചെയ്യുന്നതിന് പകരം സ്വയം ഏറ്റെടുത്ത് അംഗീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കണം. അതിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആൾക്കൂട്ടം ഒഴിവാക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി നടപ്പിൽ വരുത്തുന്നുവെന്ന് ഓരോ തദ്ദേശ സ്ഥാപനവും മത്സര ബുദ്ധിയോടെ പ്രവർത്തിക്കണം.

സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോവിഡ് വ്യാപനമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യം കേരളത്തിലില്ല. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഇത്തരക്കാർക്കെതിരെ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.ജനങ്ങൾ കോവിഡ് കാല ജാഗ്രത പുലർത്തണം. ആൾക്കൂട്ടം ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കുന്നതിനും,സ്വയം വീഴ്ചകൾ വരുത്താതെ ശ്രദ്ധിക്കുകയും വേണമെന്നും ജനം ജാഗ്രത കാട്ടിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തി. കോവിഡ് പ്രതിരോധത്തിന് പൂർണ പിന്തുണ സ്വകാര്യ ആശുപത്രികൾ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിടക്കകളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടണം. ഓരോ ദിവസവുമുണ്ടാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ ആരോഗ്യ വകുപ്പ് മേധാവിയെ അറിയിക്കണം. ഗുരുതരാവസ്ഥയിൽ രോഗികൾ വന്നാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനത്തിന് കഴിയണം.

അനിവാര്യ ഘട്ടത്തിൽ ഡി.എം.ഒ ആവശ്യപ്പെട്ടാൽ മികച്ച ഡോക്ടർമാരെയും നഴ്സുമാരെയും കോവിഡ് ചികിത്സയിൽ പ്രാവീണ്യം നേടിയവരുടെ സേവനം നൽകാൻ ആശുപത്രികൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഐസിയുകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. അറ്റകുറ്റപണി നടത്തി പ്രവർത്തിക്കാൻ തയ്യാറാക്കണം. അംബുലൻസ് ഉടമകളും സേവന ദാതാക്കളും യോജിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 108 ആംബുലൻസുകൾ, ഐഎംഎ, സ്വകാര്യ ആംബുലൻസ് എന്നിവ യോജിച്ച് പ്രവർത്തിക്കണം. ഇപ്പോൾ കൊവിഡേതര ചികിത്സയും ആശുപത്രികൾ ഉറപ്പാക്കണം.

ആശുപത്രികൾ അമിതമായ ഫീസ് ഈടാക്കരുത്. മിക്കവരും മിതമായ നിരക്കാണ് ഈടാക്കുന്നതെങ്കിലും ചിലർ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതായി പരാതി ഉയർന്നു. കോവിഡ് ചികിൽസയ്ക്കുള്ള ചെലവ് 15 ദിവസത്തിനുള്ളിൽ ആശുപത്രികൾക്കു കൈമാറും. 

പാലക്കാട് ചിറ്റൂർ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ കുതിരയോട്ട മത്സരം സംഘടിപ്പിച്ച സംഭവത്തിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തതായും പ്രതികളായ 258 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കുതിര ഓട്ടക്കാരായ 57 പേർക്കെതിരെയും കാണികളായ 200 പേർക്കെതിരെയും കേസെടുത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

 ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടാനോ, അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയിൽ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗവ്യാപനം കുറഞ്ഞതും മരണങ്ങൾ അധികം ഉണ്ടാകാതിരുന്നതും.

ഇക്കാര്യത്തിൽ സ്വയമേവയുള്ള ശ്രദ്ധ നൽകുന്നതിൽ ചെറിയ വീഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. പൊലീസോ മറ്റു സർക്കാർ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കിൽ തോന്നുന്നതു പോലെ ആകാമെന്നൊരു ധാരണ ഉള്ളവർ അതു തിരുത്തണം. നമുക്കും, നമുക്കു ചുറ്റുമുള്ളവർക്കും വേണ്ടി രോഗം തനിക്ക് പിടിപെടാൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തിൽ നമ്മൾ തീരുമാനിച്ചില്ലെങ്കിൽ നമ്മുടെ നാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തിയേക്കാം.

സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സൗജന്യമായ കോവിഡ് ചികിത്സ നൽകി വരുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തിൽ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേർക്കും, റഫർ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങൾ കുറേക്കൂടെ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. അതിന്റെ വിശദാംശങ്ങൾ അധികം വൈകാതെ ലഭ്യമാക്കും.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കർശനമായി നടപ്പാക്കുന്നുണ്ട്. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി പരീക്ഷകൾ, വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ പരിശീലനം, അവശ്യ സർവീസുകൾ തുടങ്ങിയവ യാതൊരു തടസവും കൂടാതെ നടക്കുന്നുണ്ട്.

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ മാസ്‌ക് ധരിക്കാത്തതിന് 22,703 പേർക്കെതിരെയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 9,145 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,900 രൂപയാണ്.

സംസ്ഥാനമൊട്ടുക്കും 15000ത്തോളം വരുന്ന വിഎച്ച്എസ്സി എൻഎസ്എസ് ഒന്നാം വർഷ വോളണ്ടിയർമാർ അവരവരുടെ പ്രദേശവാസികൾക്ക് വേണ്ടി കോവിഡ് വാക്‌സിൻ ഓൺലൈൻ രജിസ്‌ടേഷനു ടെലി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.