തിരുവനന്തപുരം: പിഎസ്‌സി നിയമനം സുതാര്യമെന്നും ഒഴിവുകൾ നികത്തുന്നതിലെ അപാകത നീക്കുമെന്നും മുഖ്യന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ഇതുവഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേർക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനുള്ളത്. പിഎസ്‌സിക്ക് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. സീനിയോറിറ്റി തർക്കം കോടതി മുൻപാകെ നിലനിൽക്കുകയും കോടതി റഗുലർ പ്രമോഷൻ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നൽകിയതുമായ കേസുകളിൽ മാത്രം താൽക്കാലിക പ്രമോഷൻ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകും. പ്രമോഷന് അർഹതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പ്രമോഷൻ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്.

ഇത്തരം പ്രമോഷൻ തസ്തികകൾ പിഎസ്‌സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താൽക്കാലികമായി തരംതാഴ്‌ത്തി ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകും. അർഹതയുള്ള ഉദ്യോഗസ്ഥർ ലഭ്യമാകുന്ന മുറയ്ക്ക് താൽക്കാലികമായി ഡീ-കേഡർ ചെയ്ത നടപടി ഭേദഗതി ചെയ്യും. ഈ നടപടികൾ പത്തു ദിവസത്തിനകം മുൻഗണനാക്രമത്തിൽ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

താൽകാലിക നിയമനം നടത്തുന്നത് വഴി പിഎസ്‌സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചാരണം ശരിയല്ല. പത്ത് വർഷത്തോളമായി താൽകാലിക തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് നിയമന അംഗീകാരം നൽകുന്നത്. പത്ത് വർഷം എന്ന് പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. 20 വർഷമായി താൽകാലിക ജോലി ചെയ്യുന്നവർ പോലും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരിയിൽ അവസാനിക്കുന്ന പിഎസ്‌സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വരുന്ന ഒഴിവുകളിൽ കൂടി അവസരം ലഭിക്കും. 47,000 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മാത്രം 1,57,911 പേർക്ക് നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 3113 മാത്രം ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.