തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ലോക്ക്ഡൗൺ ഇപ്പോൾ ആലോചിച്ചിട്ടില്ല. നിലവിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. രോഗവ്യാപനം ഉയർന്നാൽ ലോക്ക്ഡൗണിനെപ്പറ്റി ആലോചിക്കേണ്ടി വരും.

കോവിഡ് വാക്‌സിൻ എടുത്തശേഷവും രോഗം ബാധിക്കുന്നവർ അപകടാവസ്ഥയിലേക്കു പോകാൻ സാധ്യത കുറവായതിനാൽ സർക്കാർ നിർദേശങ്ങളനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിലിരുന്നാൽ മതിയാകുമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഓക്‌സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ മറ്റു ആരോഗ്യ പ്രശ്‌നമില്ലെങ്കിൽ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയിൽ പ്രവേശിക്കേണ്ടതില്ല. വിദഗ്ധ സമിതി ഇതു സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കും. കൊവിഡിന്റെ വ്യാപനം ഉണ്ടെങ്കിലും നിർമ്മാണ ജോലികൾ കോവിഡ് മാനദണ്ഡം പാലിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും.

എല്ലാവർക്കും സൗജന്യ കോവിഡ് വാക്‌സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 നും 45 നും ഇടയിലുള്ളവർക്ക് രണ്ട് ഡോസ് വാക്‌സീൻ സൗജന്യമായി തന്നെ നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളം ഒരു കോടി ഡോസ് വാക്‌സീൻ വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വാക്‌സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു

വാക്‌സീൻ ആഗ്രഹിക്കുന്നതു പോലെ കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ വാക്‌സീൻ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്‌സീൻ നൽകാനാവൂ. നേരത്തെ വാക്‌സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയിൽ വേണം. ആ രീതിയിൽ വാക്‌സീൻ ക്രമീകരിക്കും.

കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സീൻ നയത്തിന്റെ ഭാഗമായി 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഉല്പാദകരിൽ നിന്ന് വാക്‌സീൻ സംസ്ഥാനങ്ങൾ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എല്ലാവർക്കും സൗജന്യമായി വാക്‌സീൻ നൽകണം. ഇത് പുതിയ സാഹചര്യമല്ല. ഇതേവരെ പല വാക്‌സീനും നൽകിയിട്ടുണ്ട്. പലതും കേന്ദ്രം നൽകിയതാണ്. അത് സൗജന്യമായാണ് സംസ്ഥാനങ്ങൾ ആളുകൾക്ക് നൽകിയത്. ഈയൊരു കാര്യത്തിൽ മാത്രം വാക്‌സീന് വില ഈടാക്കുന്നത് തീർത്തും അനുചിതമാണ്. ഇതെല്ലാം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചെങ്കിലും കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

''സംസ്ഥാനത്ത് വാക്സിൻ ആവശ്യത്തിന് തികയുന്നില്ല. ഉള്ളത് വച്ചാണ് നൽകുന്നത്. നേരത്തെ വാക്സിൻ എടുത്തവർക്കും രണ്ടാം ഡോസ് പ്രധാനമാണ്. രണ്ടാം ഡോസ് നൽകാനുള്ള കരുതലും നമുക്ക് വേണം. ആ രീതിയിൽ വാക്സിൻ ക്രമീകരിക്കണം. 18-45നും പ്രായമുള്ളവർക്കുള്ള വാക്സിൻ ഉത്പാദകരിൽ നിന്ന് സംസ്ഥാനങ്ങൾ വില കൊടുത്ത് വാങ്ങണമെന്നാണ് കേന്ദ്രനയം. പല വാക്സിനുകളും നമ്മൾ നൽകുന്നുണ്ട്. എല്ലാം സൗജന്യമായി കേന്ദ്രം നൽകുന്നതാണ്. എന്നാൽ ഈ ഒരു കാര്യത്തിൽ മാത്രം വാക്സിന് വില ഈടാക്കുന്നത് തീർത്തും അനുചിതമായ കാര്യമാണ്. ഇതെല്ലാം നമ്മൾ കേന്ദ്രത്തിന്റെ മുന്നിൽ ഉന്നയിച്ചതാണെങ്കിലും അനുകൂല മറുപടിയുണ്ടായിട്ടില്ല.''

''സംസ്ഥാനത്തെ 18 മുതൽ 45 വയസുപ്രായമുള്ളവർക്ക് രണ്ടു ഡോസ് വാക്സിൻ സൗജന്യമായി തന്നെ നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടു സ്ഥാപനങ്ങളാണ് വാക്സിൻ നൽകുന്നത്. ഈ കമ്പനികളിൽ നിന്ന് അടുത്ത മൂന്നു മാസത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വില കൊടുത്ത് വാങ്ങാനാണ് മന്ത്രിസഭാ തീരുമാനം. എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. സിറം കമ്പനിയിൽ നിന്ന് 70 ലക്ഷം ഡോസ് മൂന്നു മാസത്തേക്ക് വാങ്ങും. ഇതിനായി 294 കോടി രൂപയാണ് ചെലവ്. 400 രൂപയാണ് ഒരു ഡോസിന്. പുറമെ അഞ്ച് ശത്മാനം ജിഎസ്ടിയും. ഭാരത് ബയോടെക്കിൽ നിന്നും മൂന്നു മാസത്തേക്ക് 30 ലക്ഷം ഡോസ് വാങ്ങും, 600 രൂപ നിരക്കിൽ. ഇതിന് 189 കോടി രൂപ ചെലവ് വരും.''

''വാക്സിൻ വില സംബന്ധിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ നിലവിലുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ കൊടുക്കാവുന്ന വിധത്തിൽ വാക്സിൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണ്. കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും വാക്സീൻ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.

ആരോഗ്യപ്രവർത്തകർക്കു മിനിമം വേതനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. എല്ലാ താലൂക്കിലും സിഎഫ്എൽടിസികൾ സ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണം. ഓക്‌സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തരത്തിലും ഇടപെടും. കാസർകോട് ജില്ലയിൽ കർണാടകയിൽ നിന്നാണ് ഓക്‌സിജൻ ലഭ്യമാകുന്നത്. എന്നാൽ അവിടെ പ്രതിസന്ധി നേരിടുന്നതിനാൽ കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും.

കാസർകോട് അടക്കം ഓക്‌സിജൻ ലഭ്യമാക്കാനുള്ള നടപടികൾ ഇവിടെ സ്വീകരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് ചില ജില്ലകളിലും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൂടിയിട്ടുണ്ട്. അത് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സന്നധപ്രവർത്തകരെ ഉപയോഗിക്കും.

ഓക്സിജൻ പോലുള്ള ഒന്നിന്റെ കാര്യത്തിൽ സാധാരണ ലഭ്യമാകുന്നത് തടസ്സപ്പെടുന്നത് ശരിയായ രീതിയല്ല. കേരളം പാലക്കാട് നിന്ന് കർണാടകയിലേക്ക് ഓക്സിജൻ അയക്കുന്നുണ്ട്. അക്കാര്യത്തിൽ തടസ്സമുണ്ടായിക്കിയിട്ടില്ല. അക്കാര്യം കർണാടകയുടെ ശ്രദ്ധയിൽ പ്പെടുത്തും. അതോടൊപ്പം കാസർകോട് അടക്കം ഓക്സിജൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചില ജില്ലകളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും അതു കുറച്ചുകൊണ്ടുവരാൻ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമിതി രൂപീകരിക്കും. ഇതിൽ ആരോഗ്യപ്രവർത്തകർ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് ഉണ്ടാകുക. കഴിഞ്ഞ വ്യാപന ഘട്ടത്തിൽ വളണ്ടിയർമാരും പൊലീസും ഒന്നിച്ച് ഇടപെട്ടത് വലിയ ഫലം ചെയ്തിരുന്നു അത് ആവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.