തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ ജനങ്ങളിലേക്ക് ഇറങ്ങാൻ മന്ത്രിമാരോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ഒപ്പം സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായുള്ള യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചത്.

സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം സർക്കാരിന് എതിരായ ആരോപണങ്ങളും ഫലപ്രദമായി തടയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പദ്ധതി പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളിലും ഈ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി എംഎൽഎമാരോടും സമാനമായ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. സംസ്ഥാന സർക്കാരിന് എതിരായ ആരോപണങ്ങളെ നേരിടാൻ ജനകീയരായ ജനപ്രതിനിധികളുടെ ഇടപെടലിലൂടെ കഴിയുമെന്നായിരുന്നു കോടിയേരിയുടെ ഉപദേശം. ഇക്കാര്യത്തിൽ പാർട്ടി എംഎൽഎമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു നിർദ്ദേശം എംഎൽഎമാർക്ക് നൽകിയത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി എംഎൽഎമാരുടെയോഗം വിളിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലായിരുന്നു യോഗം. കോടിയേരി ബാലകൃഷ്ണനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവും യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ ലൈഫ് പദ്ധതിയിലെ വിവാദങ്ങൾക്ക് ഇതിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് എംഎൽഎമാർ മറുപടി നൽകണം. ഇതിലൂടെ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും സിപിഎം നിർദ്ദേശിച്ചു. നേട്ടങ്ങളിൽ മാത്രമല്ല, പ്രതിസന്ധികളിൽ സർക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയും എംഎൽഎമാർക്കുണ്ട്. ലൈഫ് പദ്ധതി പോലുള്ള വിവാദങ്ങളിൽ വിമർശനം ഉയരുമ്പോൾ മൗനം പാലിക്കരുത്. ലൈഫ് പദ്ധതി എന്തെന്നും അതിലൂടെ സർക്കാർ നൽകിയ വലിയ സഹായങ്ങളും എണ്ണിപ്പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തണം. തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ വിജയത്തിന് എംഎൽഎമാർക്ക് വലിയ പങ്കു വഹിക്കാനുണ്ട് എന്നും യോ​ഗത്തിൽ നേതൃത്വം ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാകണം ഇനിയുള്ള പ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ എംഎൽഎമാർ കൂടുതൽ സജീവമാകണമെന്നും സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കണമെന്നും പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിനെതിരേ പ്രതിപക്ഷം തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാൻ എംഎൽഎമാർക്ക് സിപിഎം നിർദ്ദേശം നൽകിയത്. റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എംഎൽഎമാർ മുൻകൈയെടുക്കണമെന്നും നിർദ്ദേശമുണ്ട്.