തിരുവനന്തപുരം: ഭൂപതിവു ചട്ടങ്ങൾപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽനിന്നു വ്യാപകമായി മരംമുറിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉത്തരവിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നെങ്കിലും ചിലർ തെറ്റായി ഉപയോഗിച്ചു. മരം വല്ലാതെ മുറിച്ചു മാറ്റി. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കർഷകരുടെ പ്രശ്‌നം സർക്കാർ ആലോചിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടയഭൂമിയിലെ മരംമുറിക്കാൻ അനുമതി നൽകിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം.2017ൽ സർക്കാർ എടുത്ത നിലപാടിന്റെ തുടർച്ചയായാണ് ഉത്തരവിറക്കിയത്. ഇടുക്കിയിലാണ് പ്രശ്‌നം വ്യാപകമായത്. നിരവധിയോഗം നടന്നു, എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ധപ്പെട്ടു. പട്ടയഭൂമിയിൽ താമസക്കാർ നട്ട മരവും തനിയെ വളർന്ന മരവുമുണ്ട്. ആ മരം മുറിക്കാൻ അവകാശം വേണമെന്നായിരുന്നു ആവശ്യം.

ചില കൂട്ടർ അതിനെ തെറ്റായി ഉപയോഗിക്കുന്ന നിലയുണ്ടായി. ചിലർ അതിന്റെ ഭാഗമായി മരം വല്ലാതെ മുറിച്ചുമാറ്റുന്ന നില വന്നു. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നില്ല. വിഷയത്തിൽ ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകും. ഉപ്പുതിന്നവർ വെള്ളം കുടിക്കുകയെന്നതു മാത്രമേ ഫലമുള്ളൂ. കർക്കശമായ നടപടികളിലേക്ക് നീങ്ങും. അതേസമയം കൃഷിക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സർക്കാർ ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ, മരംമുറിക്കൽ വിഷയത്തിൽ വീഴ്ചയുണ്ടായെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

രാജഗണത്തിൽപ്പെടുത്തിയിട്ടുള്ള തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളുടെ കാര്യത്തിൽ ആവശ്യമായ അനുമതി വാങ്ങണമെന്നും നിർദേശിച്ചിരുന്നു. അങ്ങനെയാണ് ആ ഘട്ടത്തിലുള്ള ഉത്തരവ് വരുന്നത്. പക്ഷെ ആ ഉത്തരവ് നടപ്പാക്കുന്നതിൽ ചില വീഴ്ചകളും പ്രയാസങ്ങളും ഉണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അതുമായി ബന്ധപ്പട്ട് വിശദീകരണം നൽകുന്നതിന് തയ്യാറായത്. വിശദീകരണം നൽകിയപ്പോൾ ആ വിശദീകരണത്തിൽ ചില പോരായ്മകളുണ്ടായി. അത് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചു. അതിന്റെ ഭാഗമായി ആ വിശദീകരണം പിൻവലിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.