തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ പേരിൽ പൊലീസിനെതിരെ കർശന വിമർശനം ഉയരുമ്പോഴും പൊലീസ് നടപടിയെ കൈവിടാതെ മുഖ്യമന്ത്രി. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി രംഗത്തുവന്നു. പൊലീസ് പൂർണമായും ജനകീയ സേനയാണെന്നും പൊലീസ് ജനങ്ങൾക്കെതിരാണെന്ന തോന്നൽ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടിയായി പറഞ്ഞു.

അനുഭവത്തിലൂടെ എന്താണ് കേരളത്തിലെ പൊലീസ് എന്ന കഴിഞ്ഞകാലം കേരളത്തിന്റെ അനുഭവങ്ങൾ നോക്കി മനസ്സിലാക്കണം. ദുരന്തമുഖത്ത് ജനങ്ങളോട് ചേർന്നു കൊണ്ട് ജനങ്ങളെ സഹായിക്കുന്ന ഏറ്റവും വലിയ ജനകീയ സേനയായി മാറുവാൻ കേരളത്തിലെ പൊലീസിന് കഴിയുന്നത് നമ്മുടെ നാടിന്റെ അനുഭവമാണ്. മഹാമാരിയുടെ ഘട്ടത്തിൽ പൊലീസ് സേന വഹിച്ച പങ്ക് നിഷേധിക്കാൻ കഴിയുന്നതല്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന് കരുതാൻ കഴിയില്ല. പൊലീസ് ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണെന്ന് തോന്നൽ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ സംഘർഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ പൊലീസിന്റെ പങ്ക് നിഷേധിക്കാൻ കഴിയില്ല. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പൊലീസ് ശ്രമിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്ക് ഇത് പറയാതിരിക്കാൻ കഴിയില്ല. ജനങ്ങളുടെ കണ്ണീരൊപ്പാൻ ഉതകുന്ന രീതിയിൽ പൊലീസിനെ മാറ്റാൻ കഴിഞ്ഞത് സർക്കാരിനെയും നേട്ടം. പൊലീസിനെതിരെ ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നു. തീവ്രവാദ ശക്തികളും വർഗീയവാദികളും പൊലീസിനെതിരെ നിറം പിടിപ്പിച്ച കഥകൾ മെനയുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അട്ടപ്പാട്ടിയിൽ ആദിവാസി ഊരിൽ മൂപ്പനെയും മകനെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി നിയമസഭയിൽ ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമാണെന്നും അട്ടപ്പാട്ടി വിഷയത്തിൽ ആദിവാസി സമൂഹത്തിനുണ്ടായ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ധീനാണ് വിഷയം സഭയിൽ അറിയിച്ചത്.

പൊലീസ് ഉടപെടലിനെ രൂക്ഷമായി വിമർശിച്ച എൻ ഷംസുദ്ദീൻ സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും എൻ ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. ആദിവാസി മൂപ്പനെയും മകനെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് ഊരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊലീസ് ഊരിൽ പ്രവേശിച്ചത്. പൊലീസ് നടപടിക്കിടെ കുട്ടിയുടെ മുഖത്ത് അടിച്ചു. കുട്ടിയുടെ വസ്ത്രം ഊരിക്കുന്ന നിലയുണ്ടായി. ആദിവാസി ഊരിൽ കയറണമെങ്കിൽ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയയം കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ചതിന് സർക്കാർ ജനങ്ങളിൽനിന്നു പിഴയായി ഈടാക്കിയത് 125 കോടിയിലേറെ രൂപയാണെന്ന വാർത്തയും പുറത്തുവന്നിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കുരുങ്ങി വരുമാനമില്ലാതെ ജനങ്ങൾ പൊറുതിമുട്ടിയ മൂന്നുമാസക്കാലത്താണ്, പൊലീസ് ഈ തുക 'പെറ്റി' ഇനത്തിൽ പിരിച്ചെടുത്തതെന്നതാണ് പുറത്തുവന്ന വാർത്തകൾ.

രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മെയ് എട്ടു മുതൽ ഓഗസ്റ്റ് നാലിന് ഇളവുകൾ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇക്കാലയളവിനിടെ 17.75 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 10.7 ലക്ഷം കേസുകൾ മാസ്‌ക് ധരിക്കാത്തതിനു മാത്രമാണ്. 4.7 കേസുകളാണ് സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റുമായി എടുത്തത്. 2.3 ലക്ഷം വാഹനങ്ങൾ ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പിടിച്ചെടുത്തു. അഞ്ഞൂറു രൂപ മുതൽ അയ്യായിരം വരെയാണ്, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങൾക്കു പിഴ. പിഴയിനത്തിൽ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതൽ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോർട്ട്.

മാസ്‌ക് ധരിക്കാത്തതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അഞ്ഞൂറു രൂപയാണ് പിഴ. 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇതിൽനിന്ന് 53.6 കോടി രൂപ പിഴയിനത്തിൽ ലഭിച്ചെന്നാണ് കണക്കാക്കുന്നത്. ലോക്ക്ഡൗൺ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിന് രണ്ടായിരം രൂപ വച്ച് 46 കോടി പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്വാറന്റൈൻ ലംഘനത്തിനും രണ്ടായിരം രൂപയാണ് പിഴ. ഇത്തത്തിൽ 5920 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹ്യ അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും അഞ്ഞൂറു മുതൽ അയ്യായിരം വരെയാണ് പിഴ.