തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റക്‌സ് സംഘത്തെ സ്വീകരിക്കാൻ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താത്പര്യം കൊണ്ടായിരിക്കും. എന്നാൽ ഇതുയർത്തുന്ന ഗൗരവമായ പ്രശ്‌നങ്ങളുണ്ട്.

സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പല കാലങ്ങളായി പറഞ്ഞു പരത്തിയ കാര്യമാണെന്നും, ഇത്, പൂർണമായും നമ്മുടെ നാട് നിരാകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം.

വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. 75 സ്‌കോർ നേടിയാണ് കേരളം ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്.

നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങൾ എന്ന വിഭാഗത്തിൽ നാലാം സ്ഥാനവും കേരളത്തിന് കൈവരിക്കാനായി. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക്‌സ് റിസർച്ചിന്റെ 2018 ലെ നിക്ഷേപസാധ്യത സൂചികയിൽ കേരളം നാലാമതായിരുന്നു.

ഭൂമി, തൊഴിൽ, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണിത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിൽ പത്താം സ്ഥാനത്തേക്ക് ഈ വർഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയിൽ ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല.

അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകർക്കാനുള്ളതായി വിലയിരുത്തപ്പെടും. നിയമവും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് . പരാതികൾ ഉയർന്നാൽ പരിശോധിക്കും. അത്തരം പരിശോധനകൾ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയാറല്ല. അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാൻ, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയിൽ വളർത്തി കൊണ്ടുവരാനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.