തിരുവനന്തപുരം: സർക്കാർ അനുകൂല മനോഭാവം ഇല്ലാതാക്കാൻ നടത്തിയ ശ്രമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിജയിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവികാരം അട്ടിമറിക്കാനായിരുന്നു പോളിങ് ദിനത്തിലെ അദ്ദേഹത്തിന്റെ ആഹ്വാനം എന്നും പിണറായി കുറ്റപ്പെടുത്തി. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു പോളിങ് ദിനത്തിൽ സുകുമാരൻ നായർ പറഞ്ഞത്.

സുകുമാരൻ നായർ വോട്ടെടുപ്പ് ദിവസം തുടർഭരണം പാടില്ലെന്ന സന്ദേശം നൽകി. എന്നാൽ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അയ്യപ്പനും സകല ദൈവഗണങ്ങളും സർക്കാരിനൊപ്പമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. എൻഎസ്എസ് സെക്രട്ടറി സുകുമാരൻനായർക്കുള്ള മറുപടി കൂടിയല്ലേ തിരഞ്ഞെടുപ്പ് ഫലമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ' എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇതാണ്.

'ഇതെല്ലാം വ്യക്തമല്ലേ. നന്നേ കാലത്തെ വോട്ട് ചെയ്ത് എൽഡിഎഫിന്റെ തുടർഭരണം പാടില്ല എന്ന് വിരലുയർത്തി പറയുമ്പോൾ നിങ്ങളുടെ വോട്ട് എൽഡിഎഫിനെതിരായാണ് എന്ന സന്ദേശമാണ് സുകുമാരൻ നായർ ഉദ്ദേശിച്ചത്. എന്നാൽ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാൻ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എൽഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാൻ അത്തരമൊരു പരാമർശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല'- ഇതായിരുന്നു പിണറായിയുടെ മറുപടി.

അതേസമയം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ മകളെ എംജി സർവകലാശാല സിൻഡിക്കേറ്റിൽ നിന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാജിവെപ്പിച്ചു. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം