തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവർ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ക്രിമിനൽ പ്രവർത്തനത്തെയും സർക്കാർ സംരക്ഷിക്കില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ടതല്ലാത്ത സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. സർക്കാരിന് ഇടപെടാൻ കഴിയുംവിധം നിയമപരമായ ക്രമീകരണം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ ഉത്തരവാദിത്വം പാർട്ടിക്കില്ല. ഫേസ്‌ബുക്ക് പോസ്റ്റിടുന്നവർ പാർട്ടി വക്താക്കളോ ചുമതലക്കാരോ അല്ല. പാർട്ടിക്കുവേണ്ടി ത്യാഗമനുഭവിച്ചവർ പോലും വഴിമാറിയപ്പോൾ പാർട്ടി നടപടിയെടുത്തിട്ടുണ്ട്. ഒരുതെറ്റിന്റെയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ക്രിമിനൽ പ്രവർത്തകരെയും സർക്കാർ സംരക്ഷിക്കില്ല. ആരെ എടുത്താലും അവർക്ക് രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായപ്രകടനങ്ങളും അവർ നടത്തുന്നുണ്ടാവും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക.

ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിനുള്ള പരിമിതികളുണ്ട്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് അന്വേഷണത്തിൽ ഇടപെടാൻ കഴിയുന്ന വിധത്തിൽ നിയമപരമായ ക്രമീകരണം കൊണ്ടുവരുന്നതിനേക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യമാണിത്. ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം ശക്തികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന സമീപനമാണ് സർക്കാർ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.

ഈ വിഷയത്തെ രാഷ്ട്രീയമായി വക്രീകരിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തും. മുൻ പ്രതിപക്ഷ നേതാവ് എന്തൊക്കെ വിഷയങ്ങൾ ഉന്നയിച്ചു. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ. ഒരു സർക്കാർ എന്ന നിലയ്ക്ക് വിഷയത്തിൽ ഇടപെടുന്നതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് മറുപടി പറയാൻ ഇപ്പോൾ പറ്റില്ലെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

നമ്മുടെ സമൂഹത്തിൽ തെറ്റായ ചില കാര്യങ്ങൾ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് വളരെ കൃത്യതയ്യാർന്ന സമീപനമാണ് സർക്കാർ സ്വീകരിച്ച് പോന്നത്. ഒരു ക്രിമിനിൽ ആക്ടിവിറ്റിയും സംരക്ഷിച്ചു പോരുന്ന നിലപാട് സർക്കാരിനില്ല. തെറ്റു ചെയ്തിട്ടുണ്ടോ, കുറ്റം ചെയ്തിട്ടുണ്ടോ. ആ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച നടപടി സർക്കാരിൽ നിന്നുണ്ടാവും. ഫലപ്രദമായി അങ്ങനെ ചെയ്തിട്ടുണ്ട് ഇതുവരെ. ചില കാര്യങ്ങളിൽ സർക്കാരിന് ഫലപ്രദമായി ഇടപെടാൻ തടസമുണ്ട്. അതു ബന്ധപ്പെട്ട ഏജൻസികൾ ചെയ്യേണ്ടതാണ്. നമ്മുടെ സംസ്ഥാനത്ത് പലയിടത്തും സംഘടിതമായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് നോക്കേണ്ട അവസ്ഥയായി. അവർക്കെതിരെ ശക്തമായ നിലപാടാണ് എല്ലാക്കാലത്തും നമ്മൾ സ്വീകരിച്ചിട്ടുള്ളത്.

സിപിഎം എന്ന പാർട്ടിയുടെ സമീപനം ഇത്തരം വിഷയങ്ങളിൽ എന്തായിരുന്നു എന്നു നോക്കണം. സിപിഎം എന്ന പാർട്ടിയിൽ ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നിട്ടുണ്ട്. അതിൽ പല തരക്കാർ ഉണ്ടാവും. ഒരു തെറ്റിനൊപ്പം നിൽക്കുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിക്ക് വേണ്ടി എന്തുസേവനം ചെയ്താലും പാർട്ടി നയത്തിന് വിരുദ്ധമായി ആരെങ്കിലും പെരുമാറിയാൽ ആ തെറ്റിന് അനുസരിച്ചുള്ള നടപടികളിലേക്ക് സിപിഎം കടക്കും. ആ നിലയിൽ പലരേയും പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതാദ്യമായല്ല നിങ്ങൾ കേൾക്കുന്നത്. സിപിഎം എന്ന പാർട്ടിയിൽ നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താൽ ആ തെറ്റിനും തെറ്റുകാരനും സിപിഎം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടി അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തുണയ്ക്കില്ല. അതാണ് ദീർഘകാലമായി പാർട്ടിയുടെ നിലപാട്. അക്കാര്യത്തിൽ ആശങ്ക വേണ്ട.

നമ്മുടെ കേരളത്തിൽ ഇതുപോലെയുള്ള എത്രയോ ഫേസ്‌ബുക്ക് പോസ്റ്റുകളുണ്ട്. എത്രയോ വ്യക്തികൾ പോസ്റ്റിടുന്നു. ഇതിനെല്ലാം പിന്നാലെ പാർട്ടിക് പോകാനാവുമോ. പാർട്ടിയുടെ പതിവ് ധാരണയ്ക്ക് വിരുദ്ധമായി സോഷ്യൽ മീഡയയിൽ പെരുമാറിയവരെ പാർട്ടി തിരുത്തുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി പോസ്റ്റിടുന്നവരെല്ലാം പാർട്ടിയുടെ ഔദ്യോഗിക വക്താക്കളല്ല. അവർ പറയുന്നത് പാർട്ടി നിലപാടുമല്ല.