തിരുവനന്തപുരം: കേരളത്തിൽ മെയ് 14, 15 തീയതികളിൽ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിനംപ്രതി 212.34 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം. കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴുള്ള ഓക്‌സിജൻ സ്റ്റോക്ക് 24 മണിക്കൂർ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാറ്റും മഴയും ഓക്‌സിജൻ പ്ലാന്റുകളിലേക്കും ഫില്ലിങ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താൻ ഇടയുണ്ട്. ഓക്‌സിജൻ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയിൽ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഓക്‌സിജൻ വിതരണത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ എംപവേഡ് ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളം പാലിക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിർദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്‌സിജൻ നൽകി വരികയാണെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദ്ദമായി മാറും. ഇത് ശനിയാഴ്ചയോടെ ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് വടക്കുകിഴക്കൻ ദിശയിൽ നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ അതിതീവ്രമഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം നൽകി.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരളതീരത്തോട് അടുത്തായതിനാൽ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. അതിനാൽ തീരദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു.