തിരുവനന്തപുരം: രാജ്യദ്രോഹ കേസിലെ പ്രതിക്ക് കേരളത്തിൽ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി.ശിവൻകുട്ടിയെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷ്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പൊലീസിൽ നിന്ന് രക്ഷിക്കാമെന്ന് ഐഷാ സുൽത്താനയോട് ഫോണിൽ പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമെന്ന് വ്യക്തമാക്കണം. ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജമായ വിശ്വാസവും കൂറും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അത് ലംഘിച്ചിരിക്കുന്ന സാഹചര്യത്തിൽ പുറത്താക്കുകയാണ് വേണ്ടതെന്നും സുരേഷ് പറഞ്ഞു.

കേരള പൊലീസ് അന്വേഷിക്കുന്ന പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ സംരക്ഷിച്ചാലുണ്ടാക്കുന്നതു പോലുള്ള ഗുരുതരമായ ഭരണഘടനാ ലംഘനമാണ് മന്ത്രി ശിവൻ കുട്ടി ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യ, സ്വന്തം പൗരന്മാർക്ക് നേരെ ജൈവായുധം പ്രയോഗിച്ചു എന്ന് പറഞ്ഞതിനാണ് ഐഷക്കെതിരെ കേസ്സ്.

സാമുദായിക സൗഹാർദ്ദം തകർക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള ഈ പ്രവൃത്തി ജീവപര്യന്തം ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാജ്യദ്രോഹികളെ സംരക്ഷിക്കാനെ സഹായിക്കൂ. എസ്ഡിപിഐ പോലുള്ളവരുടെ ഔദാര്യത്തിൽ എംഎൽഎയായ ശിവൻകുട്ടി മതതീവ്രവാദികളുടെ അടിമയായി നേമം ജനതയെ വീണ്ടും അപമാനിക്കുകയാണന്ന് അഡ്വ.എസ്.സുരേഷ് പറഞ്ഞു

ആയിഷയെ ഫോണിൽ വിളിച്ച് മന്ത്രി വി ശിവൻകുട്ടി

ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ - ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. ആയിഷ സുൽത്താനയുമായി മന്ത്രി കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പോരാട്ടത്തിൽ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാൻ എല്ലാവിധ പിന്തുണയും മന്ത്രി ആയിഷയ്ക്ക് വാഗ്ദാനം ചെയ്തു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.