തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്കും നിയമസഭയിലേക്കും തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 'പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുക തന്നെയാണ്. അതിൽ എനിക്ക് വ്യത്യസ്ത അഭിപ്രായമില്ല -എന്ന് യുഡിഎഫ് പ്രതിപക്ഷത്ത് തന്നെയായിരിക്കുമെന്ന് പരിഹാസരൂപേണ ധ്വനിപ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:

'കുഞ്ഞാലിക്കുട്ടി നിയമസഭയിലെ ഒരാളായിരുന്നല്ലോ നേരത്തെ. എന്തോ ഒരു പ്രത്യേക നിലപാട് കാരണം അതല്ലെങ്കിൽ എന്തോ ഒരു സാഹചര്യം വരുമെന്ന് തോന്നിയതിന്റെ ഫലമായി പാർലമെന്റിലേക്ക് പോകണമെന്നാലോചിച്ചു. അതിപ്പോ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ചിന്തിക്കുന്നു, അല്ലെങ്കിൽ ആ പാർട്ടി ചിന്തിക്കുന്നു.

നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയെ പോലൊരാൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹമുണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്. പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുക തന്നെയാണ്. അതിൽ എനിക്ക് വ്യത്യസ്ത അഭിപ്രായമില്ല.'

നേരത്തെ കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ചർച്ച ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നും ലീഗ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി.

അതേ സമയം സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തയോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. എന്തെല്ലാം വാർത്തകൾ വരുമെന്നും അതിനോടെല്ലാം മറുപടി പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.