തിരുവനന്തപുരം: സിപിഎം പാർട്ടി സമ്മേളനങ്ങൾ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ രണ്ടാം വാരം മുതൽ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനങ്ങൾ നടത്തുകയെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വെർച്വൽ പൊതുയോഗങ്ങളായിരിക്കും പ്രാദേശിക സമ്മേളനങ്ങളിൽ ഉണ്ടാവുക. മറ്റ് സമ്മേളനങ്ങളിലെ പൊതുപരിപാടികൾ കോവിഡ് സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു. ഓണത്തിന് പിന്നാലെ ജില്ലാ കമ്മറ്റികൾ ചേരും. അതിന് ശേഷമായിരിക്കും പ്രാദേശിക സമ്മേളനങ്ങളുടെ തീയതി പ്രഖ്യാപിക്കുക. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിൽ പൂർത്തിയാക്കും

ഇത്തവണ സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വച്ച് നടത്താൻ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത് നടക്കുമെന്നും സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ജനുവരിയിൽ ജില്ലാ സമ്മേളനം പൂർത്തിയാക്കും. സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാർത്തസമ്മേളനം നടത്തുകയായിരുന്നു വിജയരാഘവൻ.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപതംബർ 9ന് പ്രതിഷേധ സമരം നടത്തും. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം.

മികച്ച ഭരണത്തിലൂടെ എൽഡിഎഫ് സർക്കാർ തുടർ ഭരണം നേടിയിരിക്കയാണ്. വലിയ പ്രതീക്ഷയും വിശ്വാസവുമാണ് ജനങ്ങൾക്ക് ഭരണത്തിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സമസ്ത മേഖലകളിലും വികസനത്തിലൂന്നിയ നവീകരണം കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ നിലപാട്. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധി എന്ന നിലയിൽ സർക്കാരിന് പ്രവർത്തിക്കാനാകണം

വിദ്യാഭ്യാസ രംഗത്തും ശാസ്ത്രസാങ്കേതിക മേഖലകളിലും മികച്ച സംവിധാനമൊരുക്കാനാകണം. ആ നേട്ടങ്ങൾ കൃഷി, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനം സാധ്യമാക്കും.മികച്ച വിദ്യാഭ്യാസം നേടിയവർക്ക് മികച്ച തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകണം. അവർക്ക് ആവശ്യമായ അടിസ്ഥാന വികസനവും ഒരുക്കാനാകണം.

അതോടൊപ്പം പൊതുമേഖലയെ നവീകരിച്ച് ശക്തമാക്കാനും സർക്കാരിനാവണം. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചുള്ള വികസന കാഴ്ചപ്പാടാണ് വേണ്ടത്. ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ , പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരെയെല്ലാം ഉൾക്കൊള്ളുന്നതാകണം വികസന പ്രർവത്തനങ്ങൾ. സംസ്ഥാന ഗവർമെന്റ് ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ട ജനോപകാരമായ കടമകളെ കുറിച്ച് വ്യക്തമായ ധാരണയാണ് പാർട്ടിക്കുള്ളത്.

ആഗോള തീവ്രവത്കരണ അജണ്ടകൾ നടപ്പാക്കുന്ന കേന്ദ്ര നയങ്ങളിൽനിന്നും വ്യത്യസ്തമാണ് സംസ്ഥാന സർക്കാരിന്റെ നയങ്ങൾ. കേന്ദ്രനയങ്ങൾ സ്വകാര്യ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കുമാണ് ഗുണമാകുന്നത്. സമ്പന്ന ജനവിഭാഗങ്ങളാണ് ആ നയത്തിന്റെ ഉപഭോക്താക്കൾ. അതിന്റെ ബദൽ നയങ്ങളാണ് ഇടതുപക്ഷം ഉയർത്തിപിടിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.