ചെന്നൈ: അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്. -01 വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിൽ നിന്ന് വൈകുന്നേരം 3.41-ന് പി.എസ്.എൽ.വി.

റോക്കറ്റിലായിരുന്നു വിക്ഷേപണം.ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-01.വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെട്ടുവെന്നും സി.എം.എസ്.-01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐഎസ്ആർഒ അറിയിച്ചു.പേര് മാറ്റൽ നയത്തെ തുടർന്നാണ് ജിസാറ്റ് -12ആർ. എന്ന പേരിട്ടിരുന്ന ഉപഗ്രഹത്തിന്റെ പേര് സി.എം.എസ്. 1 എന്നാക്കിയത്.

ഇന്ത്യൻ ഉപഭൂഖണ്ഡം, അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വാർത്താവിനിമയ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ഈ വിക്ഷേപണം നിർണായകമാകും. ടെലിവിഷൻ, ടെലി എജ്യുക്കേഷൻ, ടെലി മെഡിസിൻ, ദുരന്തനിവാരണം തുടങ്ങിയ മേഖലയ്ക്ക് ഉപഗ്രഹം സഹായകമാകും.1410കി.ഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ് ഏഴ് വർഷമാണ്.ഫ്രീക്വൻസി സ്പെക്ട്രത്തിന്റെ സി ബാൻഡിൽ സേവനങ്ങൾ നൽകാനുതകും വിധമാണ് ഉപഗ്രം വിഭാവനം ചെയ്തിട്ടുള്ളത്.2011ൽ വിക്ഷേപിച്ച ജിസാറ്റ്-1 ഉപഗ്രഹത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് സി.എം.എസ്. 1 ഉപഗ്രഹം വിക്ഷേപിക്കുന്നത്.പി.എസ്.എൽ.വി.യുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽനിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്.

ഐഎസ്ആർഒയുടെ ഈ വർഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. നേരത്തെ വേറൊരു തീയതിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.ഇക്കൊല്ലം നിരവധി വിക്ഷേപണങ്ങൾ നടത്താൻ ഐഎസ്ആർഒ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇ.ഒ.എസ്.-01 എന്ന ഉപഗ്രഹമാണ് ഇക്കൊല്ലം വിക്ഷേപിച്ച മറ്റൊരു ഉപഗ്രഹം. കൃഷി, ആശയവിനിമയ മേഖലകളിൽ മികവു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ വിക്ഷേപണം.