കൊച്ചി: മലിനീകരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പ്രകൃതിസൗഹൃദ വാഹനത്തിലേക്കു മാറിയവർ വൻ പ്രതിസന്ധിയിൽ. സി.എൻ.ജി. വാഹന ഉടമകളാണ് ഇപ്പോൾ ഇന്ധനം നിരക്കാൻ കൂടി കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.ഹൈഡ്രോ ടെസ്റ്റിനു സംവിധാനമില്ലാത്താണ് പ്രതിസന്ധിക്ക് കാരണം.വാഹനങ്ങളുടെ സിലിൻഡറിന്റെ സുരക്ഷാ പരിശോധന മൂന്നു വർഷത്തിൽ ഒരിക്കെ നടക്കണം. അത് നടത്തിയാൽ മാത്രമെ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കനാകു. എന്നാൽ പരിശോധനയ്ക്കുള്ള ഹൈഡ്രോ ടെസ്റ്റിനാണ് കേരളത്തിൽ സംവിധാനമില്ലാത്തത്.

ടെസ്റ്റിനായി ഹൈദരാബാദിലേക്കും നാഗ്പുരിലേക്കും സിലിൻഡർ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഭാരിച്ച ചെലവ് വരുന്നതിനാൽ തന്നെ ഇപ്പോൾ പല വണ്ടികളും കട്ടപ്പുറത്തായി .ഏറ്റവുമാദ്യം സി.എൻ.ജി.യിലേക്കു മാറിയ ഓട്ടോറിക്ഷ തൊഴിലാളികളാണ് കൂടുതൽ പ്രതിസന്ധിയിലായത്. ഹൈഡ്രോ ടെസ്റ്റിന് 1500 രൂപയാണ് ചെലവ്. പക്ഷേ, സിലിൻഡറുമായി കേരളത്തിനു പുറത്തേക്കു പോകുമ്പോൾ പണച്ചെലവും കാലതാമസവുമുണ്ടാകും. ടെസ്റ്റിനുള്ള കാലാവധി തുടക്കത്തിൽ 10 വർഷമായിരുന്നു. പിന്നീട് ഇത് മൂന്നാക്കി കുറയ്ക്കുകയായിരുന്നു. അത് മിനിമം അഞ്ചു വർഷമെങ്കിലും ആക്കണമെന്നാണ് ഓട്ടോതൊഴിലാളികൾ പറയുന്നത്. പ്രശ്‌നപരിഹാരത്തിനു നടപടിയുണ്ടായില്ലെങ്കിൽ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നും സംഘടനകൾ വ്യക്തമാക്കി.

ഓട്ടോ ഓടിക്കാൻ കഴിയാത്ത സ്ഥിതിയായി. 7500-ലധികം സി.എൻ.ജി. ഓട്ടോകളുണ്ട് സംസ്ഥാനത്ത്. ഓട്ടോറിക്ഷകൾക്കു ശേഷം സി.എൻ.ജി. വന്ന ബസുകൾക്കും മൂന്നുവർഷമാകുമ്പോൾ ഇതേ പ്രതിസന്ധിയുണ്ടാകും. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സി.എൻ.ജി.യിലേക്കു മാറുന്നതിനാൽ സംസ്ഥാനസർക്കാർ ഇടപെടണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.സിലിൻഡറിന്റെ കാലാവധി തീർന്നവർക്ക് പമ്പിൽനിന്നു ഗ്യാസ് ലഭിക്കാതായപ്പോഴാണ് ഗൗരവം മനസ്സിലാകുന്നത്.

ഇന്ധനവില അനുദിനം കുതിച്ചുയരുമ്പോൾ പെട്രോളിനേക്കാൾ ലാഭമായതുകൊണ്ടും പ്രകൃതിസൗഹൃദ ഇന്ധനമായതുകൊണ്ടും കൂടുതൽ വാഹനങ്ങൾ ഇപ്പോൾ സി.എൻ.ജി.യിലേക്കു മാറുന്നുണ്ട്.