തൃശൂർ: മാസ് ഡയലോഗുകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. അടുത്തിടെ എം വിനികേഷ് കുമാറുമായുള്ള സംഭാഷണത്തിനിടെ, അദ്ദേഹം പൊട്ടിത്തെറിച്ചത് വലിയ വാർത്തയായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ അണിനിരന്നു. തൃശൂർ കോർപറേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ ശക്തൻ നഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണന്ന ആരോപണവും ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ ശക്തൻ നഗർ മാർക്കറ്റിൽ വോട്ടഭ്യർഥിച്ച് എത്തിയപ്പോൾ അദ്ദേഹം നൽകിയ ചില വാഗ്ദാനങ്ങൾക്കെതിരെ പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തൃശൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ ബി സുമേഷാണ് പരാതിയുമായി കമീഷനെ സമീപ്പിച്ചത്. സ്വന്തം കൈയിൽനിന്നോ എംപി ഫണ്ടിൽനിന്നോ ഒരു കോടി രൂപ ചെലവഴിച്ച് തൃശൂർ ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എൽഡിഎഫ് പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേഷ് ഗോപി സമർപ്പിച്ച സത്യവാങ്മൂലത്തിൽ 68 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40,000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നുമാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. തന്റെ വീട്ടിൽനിന്ന് പണം കൊണ്ടുവന്നായാലും ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണ്. ഇങ്ങനെയൊരു വാഗ്ദാനം നൽകിയ സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണം. എംപി എന്ന നിലയിൽ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

തൃശൂർ കോർപറേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ ശക്തൻ നഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണ്. അതിനു പുറമേ, ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാർത്ഥം നഗരത്തിലും ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഉപയോഗിച്ചുവരുന്നത്. ഇതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. നിലവിൽ രാജ്യസഭ എംപി എന്ന പദവിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയുടെ ചട്ടലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം. പരാജയഭീതിയിൽ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് പൊതുജനങ്ങളെ കബളിപ്പിക്കുന്ന നടപടി സുരേഷ് ഗോപി അവസാനിപ്പിക്കണമെന്നും എൽ.ഡി.എഫ് തൃശൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഹരിദാസ്, സെക്രട്ടറി കെ.ബി സുമേഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.