കോഴിക്കോട്: ചാരായവുമായി പിടിച്ചയാളെ എക്‌സൈസ് ഏറ്റെടുക്കാത്തതിനെ തുടർന്ന് വലഞ്ഞ് വനപാലകർ. താമരശ്ശേരി പുതുപ്പാടി കാക്കവയൽ കക്കാട് റോഡിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് പുതുപ്പാടി സെക്ഷനിലെ വനപാലകർ മൈലള്ളാംപാറ ശാശ്ശേരി വർഗീസ്(63)നെ ഒരു ലിറ്ററോളം ചാരായവുമായി പിടികൂടിയത്.

നടപടിക്രമങ്ങൾക്ക് ശേഷം താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെത്തിച്ചെങ്കിലും വൈദ്യപരിശോധനയ്ക്ക് ആവശ്യപ്പെട്ടു. തുടർന്ന് വനപാലകർ വൈദ്യപരിശോധനയ്ക്ക് ശേഷം ഒമ്പത് മണിക്ക് ഹാജരാക്കിയെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർ ഏറ്റെടുത്തില്ല. അന്വേഷിച്ച ശേഷം രാവിലെ പ്രതിയെ ഏറ്റെടുക്കാമെന്നാണ് ഉന്നത പൊലീസുദ്യോഗസ്ഥർ അറിയിച്ചതെന്ന് മറുപടി നൽകി. സംഭവത്തിൽ ആർ എഫ് ഒ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരെയും താമരശ്ശേരി പൊലീസുമായും ബന്ധപ്പെട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല.

മുമ്പ് കസ്റ്റഡി മർദനത്തിന് ആർ എഫ് ഒയ്‌ക്കെതിരെ കേസ് കൊടുത്ത് തടവുശിക്ഷ വാങ്ങിച്ചു കൊടുത്ത ആളായതിനാൽ ഇയാളെയും കൊണ്ട് എക്‌സൈസ് ഓഫീസിന് മുന്നിൽ വനപാലകർ രാത്രി തമ്പടിച്ചു. വർഗീസിന്റെ ബന്ധുക്കളും സംഭവസ്ഥലത്ത് നിലയുറപ്പിച്ചു. ജനപ്രതിനിധികളും വിവിധ കർഷകസമിതി ഭാരവാഹികളും നാട്ടുകാരും പ്രതിഷേധവുമായി എത്തി.

ബുധനാഴ്ച രാവിലെ ഒമ്പതോടെ വീണ്ടും ഹാജരാക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തുന്നത് വരെ കാത്തു. ജനപ്രതിനിധികൾ ഉൾപ്പെടെയെത്തി ചർച്ച നടത്തി. ഒടുവിൽ എക്‌സൈസിന്റെ സ്വന്തം നിലയിലുള്ള അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയാലേ കേസെടുക്കൂവെന്ന് എക്‌സൈസ് കമ്മീഷണർമാർ വിശദീകരിച്ചു. പിന്നീട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തെളിവെടുപ്പ് നടത്തി.

പിന്നീട് വർഗീസിനെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ചാരായ വാറ്റ് സംബന്ധിച്ച് വ്യക്തമായ രഹസ്യ വിവരം ലഭിക്കുകയും അത് ദിവസങ്ങൾക്ക് മുമ്പ് തന്നെ എക്‌സൈസിന് കൈമാറിയതായും സംയുക്ത പരിശോധന നടത്താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി റെയ്ഞ്ച് ഓഫീസർ അറിയിച്ചു. എന്നാൽ എക്‌സൈസ് പരിശോധനയ്ക്ക് തയ്യാറാവാതിരുന്നപ്പോഴാണ് വനം വകുപ്പ് തിരച്ചിലിൽ ആളെ പിടികൂടിയതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ എക്‌സൈസ് നേരിട്ട് പിടിച്ചതല്ലാത്തതിനാൽ വേണ്ട രീതിയിൽ വിശദമായ അന്വേഷണം നടത്തി മാത്രമെ കേസെടുക്കാൻ സാധിക്കുകയുള്ളുവെന്നാണ് എക്‌സൈസ് ഇൻസ്‌പെക്ടറുടെ വിശദീകരണം.