തൃശ്ശൂർ: സർക്കാർ എൻജിനീയറിങ് കോളേജുകളിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽസൗകര്യം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡം വന്നതോടെ അകലെയുള്ള വിദ്യാർത്ഥികൾ താമസയിടം തേടി നെട്ടോട്ടം തുടങ്ങി. സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം പൊതുവിഭാഗത്തിന് വിദ്യാർത്ഥിയുടെ മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാകണം ഹോസ്റ്റൽസൗകര്യം അനുവദിക്കാൻ.

എസ്.സി., എസ്.ടി., ഭിന്നശേഷി, ബി.പി.എൽ. തുടങ്ങിയ വിഭാഗക്കാർക്ക് മുൻഗണന നൽകി പൂർണമായും ഹോസ്റ്റൽ നൽകിയശേഷം ബാക്കിവരുന്ന സീറ്റുകളിൽ പൊതുവിഭാഗക്കാർക്ക് മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ഹോസ്റ്റൽ അനുവദിക്കണമെന്നാണ് പുതിയ ഉത്തരവിലുള്ളത്. മുൻപ് ഇത് മെറിറ്റിന്റെയും ദൂരത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. മുൻപ് എസ്.സി., എസ്.ടി., ഭിന്നശേഷി, ബി.പി.എൽ. വിഭാഗക്കാർക്ക് ഹോസ്റ്റലിൽ 20 ശതമാനം സീറ്റാണ് മാറ്റിവെച്ചിരുന്നത്. ഇപ്പോഴത് അപേക്ഷകർക്ക് മുഴുവനുമാക്കി.

സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ പുതിയ ഉത്തരവ് അറിയാതെ പ്രവേശനം നേടിയ അകലെനിന്നുള്ളവരാണ് താമസയിടം കിട്ടാതെ പ്രതിസന്ധിയിലായത്.