റായ്പുർ: ഛത്തീസ്‌ഗഡിൽ ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ മർദിച്ച സംഭവത്തിൽ ജില്ലാ കളക്ടർക്ക് നേരെ അച്ചടക്ക നടപടി. സൂരജ്പുർ കളക്ടർ രൺബീർ ശർമയെ തൽസ്ഥാനത്ത് നിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അറിയിച്ചു.

കളക്ടറുടെ നടപടിയെ അപലപിച്ച മുഖ്യമന്ത്രി യുവാവിനോടും കുടുംബത്തോടും മാപ്പു പറയുന്നതായും ട്വിറ്ററിൽ കുറിച്ചു. ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനാണ് ജില്ലാ കളക്ടറുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മർദനമേറ്റത്.

കളക്ടർ യുവാവിന്റെ മൊബൈൽ ഫോൺ വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. തുടർന്ന് കളക്ടറുടെ നിർദേശാനുസരണം പൊലീസുകാരും യുവാവിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കളക്ടർക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.

യുവാവിനോട് തനിക്ക് വ്യക്തിപരമായി ഒരു വൈരാഗ്യമില്ലെന്നും സംഭവത്തിൽ താൻ മാപ്പ് പറയുന്നുവെന്നും കളക്ടർ പിന്നീട് പ്രതികരിച്ചു.