രാജ്യമെമ്പാടുമുള്ള കോളേജ് അദ്ധ്യാപകർ പ്രതിഷേധത്തിലാണ്. പ്രതിമാസം ഒരുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന പ്രൊഫസ്സർമാരും മറ്റും പ്രതിഷേധിക്കാനും സമരം ചെയ്യാനും ഒരുങ്ങുന്നതിന് പിന്നിൽ ഒരു കാരണമേയുള്ളൂ. അവരോട് ജോലി ചെയ്യാൻ യുജിസി.ആവശ്യപ്പെട്ടിരിക്കുന്നു.

2010-ലെ മാർഗനിർദ്ദേശങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് മെയ് നാലിനാണ് യുജിസി പുതിയ ഉത്തരവിറക്കിയത്. അന്നുമുതൽക്ക് കോളേജ് അദ്ധ്യാപകർ പ്രതിഷേധത്തിലാണ്. കോളേജ് അദ്ധ്യാപകരുടെ സംയുക്ത സംഘടന ഇതിനകം പ്രതിഷേധിക്കാൻ നോട്ടീസ് നൽകിക്കഴിഞ്ഞു. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ അദ്ധ്യാപക സംഘടനയാകട്ടെ മെയ് 24 മുതൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് പരിശോധന ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിരിക്കുന്നു.

ഡയറക്ട് ടീച്ചിങ് അവേഴ്‌സ് എന്ന യുജിസി നിർദ്ദേശം ഭേദഗതി ചെയ്തതാണ് അദ്ധ്യാപകരെ വിറളി പിടിപ്പിക്കുന്നത്. ലക്ചറുകൾ, പ്രാക്ടിക്കലുകൾ, പ്രോജയ്ക് സൂപ്പർവീഷൻ, ട്യൂട്ടോറിയൽസ് എന്നിവ ഉൾപ്പെട്ടതായിരുന്നു നേരത്തെ ഡയറക്ട് ടീച്ചിങ് അവേഴ്‌സ്. പുതിയ നിർദ്ദേശമനുസരിച്ച് ട്യൂട്ടോറിയൽസ് ഇതിന്റെ ഭാഗമായി വരില്ല.

ഇതോടെ, കുട്ടികളെ പഠിപ്പിക്കേണ്ട സമയത്തിൽ നേരീയ വർധന വന്നു. അസിസ്റ്റന്റ് പ്രൊഫസ്സർമാർ ആഴ്ചയിൽ 16 മണിക്കൂറും അസോസിയേറ്റ് പ്രൊഫസർമാരും പ്രൊഫസർമാരും ആഴ്ചയിൽ 14 മണിക്കൂറും ക്ലാസ്സെടുക്കണം എന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസ്സർമാർ 18 മണിക്കൂർ അദ്ധ്യാപനവും ആറ് മണിക്കൂർ ട്യൂട്ടോറിയലിനുമായി ചെലവിടണം. അസോസിയേറ്റ് പ്രൊഫസ്സർമാർ 16 മണിക്കൂർ ക്ലാസും ആറുമണിക്കൂർ ട്യൂട്ടോറിയലും നടത്തണം. പ്രൊഫസ്സർമാർക്ക് ഇത് 14+6 മണിക്കൂറാണ്.

സെമിനാറുകൾ, സ്‌പെഷൽ ക്ലാസ്സുകൾ, അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലകൾ, ഗവേഷണം, പഠനം എന്നിവയ്ക്കായാണ് അധികമായുള്ള ആറ് മണിക്കൂർ ചെലവിടേണ്ടത്. അദ്ധ്യാപന സമയം വർധിപ്പിച്ചത് അദ്ധ്യാപകരുമായി ആലോചിക്കാതെയാണെന്നാണ് പ്രധാന പരാതി. ജോലി സമയം വർധിപ്പിപ്പിച്ചതോടെ മറ്റ് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ സമയം കിട്ടാതായെന്നും സംഘടനകൾ ആരോപിക്കുന്നു.

പ്രമോഷനുകൾ ജോലിയിൽ കാണിക്കുന്ന ഉത്തരവാദിത്തമനുസരിച്ചായിരിക്കും. അദ്ധ്യാപന മികവിന് വർഷത്തിൽ പരമാവധി 60 പോയന്റാണ് ഒരു അദ്ധ്യാപകന് ലഭിക്കുക. 60 പോയന്റ് ലഭിക്കുന്നതിന് 600 മണിക്കൂർ ഒരു വർഷം ജോലി ചെയ്യേണ്ടിവരും. അല്ലെങ്കിൽ സെമസ്റ്ററിൽ 300 മണിക്കൂർ. 15 ആഴ്ചയുള്ള സെമസ്റ്ററിൽ 300 മണിക്കൂർ തികയ്ക്കണമെങ്കിൽ ആഴ്ചയിൽ 20 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ടുവരുമെന്നും ഇത് അസാധ്യമാണെന്നും അദ്ധ്യാപക സംഘടനകൾ പറയുന്നു.