മുംബൈ: ബോളിവുഡിലെ പ്രശസ്ത ഹാസ്യതാരം ഭാർതി സിങ്ങിന്റെ മുംബൈയിൽ വീട്ടിൽ റെയ്ഡ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. ഭാർതി സിങ്ങും ഭർത്താവ് ഹാർഷ് ലിംബാച്ചിയയും നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എൻ.സി.ബി റെയ്ഡ് നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരി മാഫിയയിലേക്കും നീളുകയായിരുന്നു. കുറച്ചുദിവസം മുമ്പ് നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അർജുൻ രാംപാലിനെയും ചോദ്യം ചെയ്തത്.

നേരത്തേ ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതായി അന്വേഷണംസംഘം അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച ഒരു ആസ്‌ട്രേലിയൻ സ്വദേശിയെയും എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു.