കൊല്ലം: നിലമേൽ കൈതോട് സ്വദേശി എസ്.വി.വിസ്മയ (24) ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ചർച്ചയാകുന്നത് സ്ത്രീധനം നൽകുന്നതിലേയും മറ്റും സാമൂഹിക പ്രശ്‌നങ്ങളാണ്. വാരിക്കോരി കൊടുത്തിട്ടും ആർത്തി തീർത്താ ഭർത്താവിന്റെ പീഡനങ്ങളുടെ ഇരയായിരുന്നു ആയുർവേദ ഡോക്ടറാകാൻ കൊതിച്ച വിസ്മയ. ഭർത്താവിന്റെ ക്രൂരതകൾ അറിയാവുന്ന വിസ്മയയുടെ കുടുംബത്തിനും കരുതലുകൾ എടുക്കാനായില്ല. വെറും സാധാരണ കുടുംബത്തോടല്ല ഈ ക്രൂരത കിരൺ കുമാർ എന്ന ഭർത്താവ് കാട്ടിയതെന്നതാണ് വസ്തുത.

സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകളാണ് വിസ്മയ. മന്ത്രി ചിഞ്ചുറാണിക്കും പോലും സഖാവിന്റെ മകൾക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത് അംഗീകരിക്കാൻ കഴിയുന്നില്ല. സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നത്'-എന്നാണ് സോഷ്യൽ മീഡിയയിൽ ചിഞ്ചൂറാണി തന്നെ കുറിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച പുലർച്ചെയാണ് ശൂരനാട് പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്. മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് കിരൺ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിസ്മയയുടേത് സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണ്. വിസ്മയയ്ക്കു മർദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു. എന്നിട്ടും ഇതിനെ ആത്മഹത്യാ പ്രേരണക്കേസ് ആക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഉന്നതരാണ് ചരടു വലിക്കുന്നത്.

സിപിഐ കുടുംബത്തിനുണ്ടായ തീരാ നഷ്ടമാണ് വിസ്മയയുടെ മരണം. അതു പോലും പിണറായി സർക്കാരിന്റെ പൊലീസ് വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ല. കിരണിന്റെ വീട്ടിലുള്ളവർക്കും ഈ പീഡനത്തിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. പക്ഷേ ആ തലത്തിലേക്കൊന്നും കേസ് അന്വേഷണം എത്തുന്നില്ല. കഴിഞ്ഞവർഷം മെയ്‌ 31ന് ആയിരുന്നു ഇവരുടെ വിവാഹം. ഭർതൃവീട്ടിലെ മർദനത്തെക്കുറിച്ച് ഞായറാഴ്ച വിസ്മയ ബന്ധുവിനു വാട്‌സാപ് സന്ദേശം അയച്ചിരുന്നു.

കൂടാതെ ക്രൂരമർദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകൾ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെയാണു തിങ്കളാഴ്ച പുലർച്ചെ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അതിനുള്ള സാധ്യതയും ഏറെയാണ്. സ്ത്രീധനമല്ല, സ്ത്രീയാണു ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്നു ബന്ധുക്കൾ പറയുന്നു. ഈ വാക്കിലാണ് സഖാവ് ത്രിവിക്രമൻ പിള്ള വീണു പോയത്. പിന്നീട് മരുമകൻ ചതിയനാണെന്നും തിരിച്ചറിഞ്ഞു.

മകൾക്കായി 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണു വിസ്മയയുടെ കുടുംബം നൽകിയത്. വിവാഹം കഴിഞ്ഞതോടെ കിരണിന്റെ യഥാർഥ മുഖം പുറത്തുവന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണു വിസ്മയയ്‌ക്കെതിരെ പീഡനം തുടങ്ങിയത്. 10 ലക്ഷം രൂപയോ കാറോ നൽകുമെന്നതായിരുന്നു വിസ്മയയുടെ കുടുംബം വാഗ്ദാനം ചെയ്തത്. ഇതനുസരിച്ചു വായ്പയെടുത്തു കാർ വാങ്ങി നൽകിയെങ്കിലും 10 ലക്ഷം രൂപ മൂല്യമില്ലെന്നായിരുന്നു കിരൺ പറഞ്ഞിരുന്നത്.

ജനുവരിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ മദ്യപിച്ചു പാതിരാത്രിയെത്തിയ കിരൺ ഇക്കാര്യം പറഞ്ഞു വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്‌തെന്നും ബന്ധുക്കൾ വെളിപ്പടുത്തി.