തിരുവനന്തപുരം: വാമനാപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളിൽ എസ്ഡിപിഐ എന്ന പാർട്ടി പേര് എഴുതി വർഗ്ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു. ഇന്നലെ വൈകീട്ടോടെയാണ് ഒരുവിഭാഗം എസ്ഡിപിഐക്കെതിരേ വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിനുള്ളിലും ചുവരുകളിലുമാണ് എസ്ഡിപിഐ എന്ന് ഇംഗ്ലീഷിൽ എഴുതിപ്പിടിപ്പിച്ചത്. ക്ഷേത്രത്തിന് മുന്നിലെ മരച്ചുവട്ടിൽ പച്ച പെയിന്റും വിതറിയിട്ടുണ്ട്. ആരോപണം എസ്ഡിപിഐ നിഷേധിച്ചു. തങ്ങൾക്ക് പ്രവർത്തകരില്ലാത്ത പ്രദേശമാണ് പെരുന്ത്രയെന്നും സംഘടന അറിയിച്ചു.

നേരത്തെ വെള്ളായണി ക്ഷേത്രത്തിൽ കാളിയൂട്ട് മഹോൽസത്തോടനുബന്ധിച്ച് ഉൽസവം അലങ്കോലപ്പെടുത്താൻ എസ്ഡിപിഐ ശ്രമിക്കുന്നു എന്നാരോപിച്ച് വ്യാജ പോസ്റ്റർ പതിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ സംഘപരിവാർ അനുകൂല വിഭാഗങ്ങളായിരുന്നു പ്രചാരണത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു. സമാന സ്വഭാവത്തിലാണ്, എസ്ഡിപിഐക്കെതിരേ വാമനപുരം പെരുന്ത്രയിലും വ്യാജ പ്രചാരണം നടത്തുന്നത്.

പ്രദേശത്ത് മനപ്പൂർവം വർഗ്ഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം പറഞ്ഞു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റൂറൽ എസ്‌പിക്ക് പരാതി നൽകി. ഇത്തരം വ്യാജ പ്രചാരണങ്ങളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാർട്ടി വാമനപുരം മണ്ഡലം പ്രസിഡന്റ് ഖാലിദ് പാങ്ങോട് വെഞ്ഞാറമൂട് എസ്എച്ഒക്ക് പരാതി നൽകിയിരുന്നു.

ജില്ലാ സെക്രട്ടറി ഇർഷാദ് കന്യാകളങ്ങര, നിസാമുദ്ധീൻ തച്ചോണം മണ്ഡലം പ്രസിഡന്റ് ഖാലിദ് പാങ്ങോട് എന്നിവരടങ്ങിയ എസ്ഡിപിഐ നേതാക്കൾ ക്ഷേത്രം സന്ദർശിച്ച് അമ്പലകമ്മിറ്റിയുമായും ക്ഷേത്ര ജീവനക്കാരുമായും, ദേവസ്വം ബോർഡ് കമ്മീഷണറുമായും സംസാരിച്ചു.
പ്രതികളെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ക്ഷേത്ര കമ്മിറ്റി മുന്നിലുണ്ടാകുമെന്നു അറിയിച്ചതായി എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.