തൃശൂർ: എഴുന്നള്ളിച്ച ആനയുടെ കൊമ്പിൽ പിടിച്ച് നിൽക്കുന്ന പടം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചതിന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെതിരെ വനംവകുപ്പിന് പരാതി. കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പിൽ ആനയുടെ കൊമ്പ് പിടിച്ച് താലപ്പൊലി നാലാം ദിവസം എന്ന അടിക്കുറിപ്പോടെയാണ് ഗോപാലകൃഷ്ണൻ സമൂഹമാധ്യമത്തിൽ പടം പോസ്റ്റ് ചെയ്തത്.

നാട്ടാന പരിപാലന ചട്ടമനുസരിച്ച് കുറ്റമാണെന്നിരിക്കെ അഭിഭാഷകനും രാഷ്ട്രീയ പാർട്ടി സംസ്ഥാന നേതാവ് കൂടിയായ വ്യക്തിയാണ് എന്നതും കുറ്റകൃത്യത്തിന്റെ വ്യാപ്തി വലുതാണെന്ന് പരാതിയിൽ പറയുന്നു. പീപ്പിൾസ് ഫോർ ജസ്റ്റിസ് സെക്രട്ടറി മനോജ് ഭാസ്‌കർ ആണ് ഫോറസ്റ്റ് അസി. കൺസർവേറ്റർക്ക് പരാതി നൽകിയത്. വനംവകുപ്പ് പരാതിയിൽ പരിശോധന തുടങ്ങി.