പ്രയാഗ്രാജ്: താമസസ്ഥലത്തിന് സമീപത്തെ പള്ളിയിൽ വാങ്ക് വിളിക്കുന്നത് തന്റെ ഉറക്കം കെടുത്തുന്നുവെന്ന് പരാതിയുമായി സർവകലാശാല വൈസ് ചാൻസിലർ. ജില്ലാ മജിസ്ട്രേറ്റിന് നേരിട്ടാണ് അലഹാബാദ് സർവകലാശാല വൈസ് ചാൻസിലറായ സംഗിത ശ്രീവാസ്തവ പരാതി നൽകിയത്.

പ്രഭാതത്തിലുള്ള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയെയും ദോഷകരമായി ബാധിക്കുന്നെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച് മൈക്കിലൂടെയുള്ള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാൻസിലറുടെ ആവശ്യം.

ഉച്ചത്തിലുള്ള ശബ്ദം തനിക്ക് ദിവസം മുഴുവൻ തലവേദനയുണ്ടാക്കുന്നതായും 'നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മൂക്കിൻ തുമ്പുവരെ' എന്ന മഹദ്വചനം സംഗിത ശ്രീവാസ്തവ ഓർമ്മിപ്പിക്കുന്നു. എന്നാൽ താൻ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയിൽ പറയുന്നുണ്ട്. സമാധാനപരമായ സഹവർത്തിത്വം എല്ലാവർക്കും ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുവരുത്തുന്നുണ്ടെന്നും അത് പാലിക്കപ്പെടണമെന്നുമാണ് പരാതിയിൽ പറയുന്നത്.