തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് ബസുകളെക്കാൾ കൂടുതൽ ചാർജ്ജ് ഫാസ്റ്റ് പാസഞ്ചർ ബസിൽ ഈടാക്കുന്നതായി പരാതി. ഒരേ സ്ഥലത്തേയ്ക്കുള്ള സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ടിക്കറ്റുകളിലുള്ള ചാർജ് വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ഇത്തരം ആരോപണമുയരുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേയ്ക്ക് പോയപ്പോൾ സൂപ്പർ ഫാസ്റ്റ് ബസിൽ ഒരാൾക്ക് 100 രൂപ വീതം രണ്ടുപേർക്ക് 200 രൂപയും അന്നേദിവസം തന്നെ തിരികെ കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഫാസ്റ്റ് പാസഞ്ചറിൽ ഒരാൾക്ക് 128 രൂപ വീതം രണ്ടുപേർക്ക് 256 രൂപയും രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. അതായത് സൂപ്പർഫാസ്റ്റ് ബസിനെക്കാൾ 28 രൂപ കൂടുതലാണ് ഫാസ്റ്റ് പാസഞ്ചർ ബസിന്. ഈ ടിക്കറ്റുകൾ അടിസ്ഥാനമാക്കിയാണ് കെഎസ്ആർടിസിയിൽ തട്ടിപ്പ് നടക്കുന്നുവെന്നും ഫാസ്റ്റ് പാസഞ്ചർ ബസ് കൂടുതൽ റേറ്റ് ഈടാക്കുന്നുവെന്നും ആശങ്കയുമായി യാത്രക്കാർ രംഗത്ത് വന്നത്.

യഥാർത്ഥത്തിൽ സംഭവിക്കുന്നത്?

എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്താണ്? ഫാസ്റ്റ് പാസഞ്ചർ റേറ്റ് കൂടിയതാണോ, സൂപ്പർ ഫാസ്റ്റ് റേറ്റ് കുറഞ്ഞതാണോ? ഇതറിയാൻ ഞങ്ങൾ കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. തമ്പാനൂർ ഡിപ്പോയിലെ പ്രതിനിധി മറുനാടനോട് ഈ പ്രതിഭാസത്തെ വിശദീകരിച്ചതിങ്ങനെ.

'കോവിഡ് വന്നതിൽ പിന്നെ കെഎസ്ആർടിസിയിൽ യാത്രക്കാർ ക്രമാതീതമായി കുറഞ്ഞു. സ്ഥിരമായി ബസിൽ യാത്ര ചെയ്തിരുന്നവരിൽ വലിയൊരു വിഭാഗവും സ്വന്തം വാഹനം ഉപയോഗിക്കാനോ വാടക വാഹനങ്ങൾ ഉപയോഗിക്കാനോ തുടങ്ങി. ബസിലാണെങ്കിൽ പഴയപോലെ ആളുകളെ കുത്തിനിറച്ച് പോകാനും പറ്റില്ല. താരതമ്യേനെ ചാർജ് കൂടുതലുള്ള സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് ബസുകൾ ഒഴിഞ്ഞുപോകേണ്ട അവസ്ഥ വന്നപ്പോൾ ടിക്കറ്റ് ചാർജുകളിൽ ചില പ്രത്യേക ദിവസങ്ങളിൽ ഇളവ് നൽകാൻ കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചു. ആളുകൾ കൂടുതൽ കയറുന്ന ലോക്കൽ- ഫാസ്റ്റ് പാസഞ്ചർ ഒഴികെയുള്ള ബസുകൾക്ക് തിരക്ക് കുറവുള്ള ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ടിക്കറ്റ് ചാർജിൽ 20 ശതമാനം ഇളവ് ഏകദേശം ഒരുവർഷമായി നിലവിലുണ്ട്. അതുകൊണ്ടാണ് ഫാസ്റ്റ് പാസഞ്ചറിനെക്കാൾ സൂപ്പർ ഫാസ്റ്റിന് റേറ്റ് കുറയുന്നത്.'

അപ്പോൾ അതാണ് സംഭവം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 20 ശതമാനം ഇളവ് ടിക്കറ്റ് ചാർജിൽ നൽകുന്നതുകൊണ്ടാണ് സൂപ്പർഫാറ്റ് ബസിന് ഫാസ്റ്റ് പാസഞ്ചർ ബസിനെക്കാൾ റേറ്റ് കുറയുന്നത്. ഇത് ജനങ്ങൾക്ക് കെഎസ്ആർടിസി നൽകുന്ന ഇളവാണ്. തട്ടിപ്പല്ല. അത് പരമാവധി വിനിയോഗിക്കുക.