തൃശ്ശൂർ: സംസ്ഥാനത്തെ രഹസ്യാത്മക റിപ്പോർട്ടുകൽ കൈമാറുന്ന രീതിക്ക് മാറ്റം. മാന്വൽ ആയി 'കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ' നൽകുന്നത് അവസാനിപ്പിച്ച് വകുപ്പുകൾ. പുതിയ ഉത്തരവുപ്രകാരം ധനകാര്യവകുപ്പ് തയ്യാറാക്കിയ സ്‌കോർ (സ്റ്റേറ്റ് കോൺഫിഡൻഷ്യൽ റിപ്പോർട്ടിങ് ആൻഡ് റിവ്യൂയിങ് സിസ്റ്റം) എന്ന സോഫ്റ്റ്‌വേർ വഴി ഓൺലൈനിലൂടെയാണ് റിപ്പോർട്ടുകൾ നൽകേണ്ടത്.

സെക്രട്ടേറിയറ്റ് ജനറൽ അഡ്‌മിനിസ്‌ട്രേറ്റീവ്, ഫിനാൻസ്, നിയമം, വനം, വന്യജീവിവകുപ്പ്, പൊലീസ്, തദ്ദേശസ്വയംഭരണവകുപ്പ്, മോട്ടോർ വാഹനവകുപ്പ് എന്നീ വകുപ്പുകളുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളാണ് ഓൺലൈനാക്കിയത്. വനംവകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഹെഡ് അക്കൗണ്ടന്റ് മുതലുള്ള ജീവനക്കാർ, സംരക്ഷണവിഭാഗത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങി എല്ലാ ജീവനക്കാരും സ്‌കോറിൽ രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു.

റിപ്പോർട്ട് ചെയ്യുന്നവർ, റിപ്പോർട്ട് സ്വീകരിക്കുന്നവർ, പരിശോധിക്കുന്നവർ തുടങ്ങിയ ഓഫീസർമാർ അവരവരുടെ ഇൻബോക്‌സിൽ ലഭ്യമാവുന്ന റിപ്പോർട്ടുകൾ സമയബന്ധിതമായി പരിശോധിച്ച് അടുത്തഘട്ടത്തിലേയ്ക്ക് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

മാന്വൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിങ് സമ്പ്രദായം 2020 ഡിസംബർ 31-ഓടെയാണ് അവസാനിപ്പിച്ചത്. എന്നാൽ, 2020 കാലയളവിലെ റിപ്പോർട്ടുകൾ പഴയതുപോലെ സമർപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.-